ഐ.പി.എൽ നടന്നില്ലെങ്കിൽ ഇന്ത്യൻ ടീമിലെത്താനുള്ള ധോണിയുടെ സാധ്യത മങ്ങും : ശ്രീകാന്ത്

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് ഇത്തവണ നടന്നില്ലെങ്കിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ത്യക്ക് ടീമിലെത്താനുള്ള സാധ്യത മങ്ങുമെന്ന് മുൻ ഇന്ത്യൻ താരം ശ്രീകാന്ത്. കൊറോണ വൈറസ് ബാധ മൂലം മാറ്റിവെച്ച ഐ.പി.എൽ നടന്നില്ലെങ്കിൽ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധോണി ഇടം കണ്ടെത്താനുള്ള സാധ്യത കുറവാണെന്ന് മുൻ ഇന്ത്യൻ താരം പറഞ്ഞു.  ധോണി ക്രിക്കറ്റ് ലോകം കണ്ട ഒരു ഇതിഹാസം ആണെന്നും താൻ അദ്ദേഹത്തിന്റെ ഒരു ആരാധകൻ കൂടിയാണെന്നും ശ്രീകാന്ത് പറഞ്ഞു. എന്നാൽ ഇന്ത്യൻ ടീമിന്റെ കാര്യമെടുക്കുമ്പോൾ വ്യക്തികളേക്കാൾ ഇന്ത്യൻ ടീമിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു.

താൻ സെലെക്ഷൻ കമ്മിറ്റി ചെയർമാൻ ആണെങ്കിൽ ഐ.പി.എൽ നടന്നില്ലെങ്കിൽ ധോണിക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും തന്റെ അഭിപ്രായത്തിൽ വിക്കറ്റ് കീപ്പർ ബാറ്സ്മാനായി കെ.എൽ രാഹുലിനെ ഉൾപ്പെടുത്തുമെന്നും ശ്രീകാന്ത് പറഞ്ഞു.  റിഷഭ് പന്തിന്റെ കാര്യത്തിൽ തനിക്ക് ചെറിയ സംശയങ്ങൾ ഉണ്ടെങ്കിലും പന്ത് മികച്ച കഴിവുള്ള താരമെന്നും ശ്രീകാന്ത് പറഞ്ഞു. നേരത്തെ മാർച്ച് 29ന് നടക്കേണ്ട ഐ.പി.എൽ ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 15ന് ഐ.പി.എൽ നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

Advertisement