ധോണി കൂടെയില്ലെങ്കിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി പൂർണമാവില്ലെന്ന് മുൻ ഇന്ത്യൻ താരം ബിഷൻ സിങ് ബേദി. ധോണിയുടെ അഭാവത്തിൽ പലപ്പോഴും കോഹ്‌ലി പലപ്പോഴും പരുക്കാനാവുന്നുണ്ടെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ 358 റൺസ് എടുത്തിട്ടും ധോണിയുടെ അഭാവത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ലോകകപ്പ് മുൻപിൽ കണ്ട് ഇന്ത്യൻ ടീമിൽ ആവശ്യമില്ലാതെ പരീക്ഷണങ്ങൾ നടത്തുന്നതിനെയും ബേദി വിമർശിച്ചു.ലോകകപ്പ് തുടങ്ങാൻ രണ്ടു മാസത്തിൽ അധികം സമയം ഉണ്ടെന്നിരിക്കെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിർണായക സമയത്ത് ധോണിക്ക് വിശ്രമം അനുവദിക്കേണ്ട കാര്യം ഇല്ലായിരുന്നെന്നും ബേദി പറഞ്ഞു. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ഗ്രൗണ്ടിലും ധോണിയുടെ അഭാവം കാണാനുണ്ടായിരുന്നെന്നും മുൻ ഇന്ത്യ സ്പിന്നർ പറഞ്ഞു.
മാർച്ച് 23ന് ആരംഭിക്കുന്ന ഐ.പി.എൽ മത്സരങ്ങൾ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയാണെന്നും ഐ.പി.എല്ലിൽ ഏതൊരു താരത്തിനും പരിക്ക് സംഭവിക്കാമെന്നും ബേദി പറഞ്ഞു. റിഷഭ് പന്തിന്റെ പ്രകടനത്തെയും ബേദി വിമർശിച്ചു. മത്സരത്തിൽ ആഷ്ടൺ ടർണറുടെ സ്റ്റമ്പിങ് നഷ്ടപ്പെടുത്തിയ പന്ത് ഓരോ തെറ്റ് വീണ്ടും വീണ്ടും അവർത്തിക്കുകയാണെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.