ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 317 റണ്‍സ്. ക്രുണാല്‍ പാണ്ഡ്യയും കെഎല്‍ രാഹുലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 57 പന്തില്‍ നിന്ന് 112 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.
ഇന്ന് ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മെല്ലെയാണ് ഇന്ത്യയുടെ ഇന്നിംഗ്സ് തുടങ്ങിയത്. രോഹിത്തും ധവാനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിചേര്‍ക്കുവാന്‍ 15.1 ഓവര്‍ ആണ് എടുത്തത്. 28 റണ്‍സ് നേടിയ രോഹിത്തിന്റെ വിക്കറ്റ് ബെന്‍ സ്റ്റോക്സ് നേടുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും ധവാനും ചേര്‍ന്ന് 105 റണ്‍സ് നേടി റണ്ണ് നിരക്കും മെച്ചപ്പെടുത്തിയെങ്കിലും മാര്‍ക്ക് വുഡ് 56 റണ്‍സ് നേടിയ കോഹ്‍ലിയെ പുറത്താക്കി ഇംഗ്ലണ്ടിന് വലിയ ബ്രേക്ക്ത്രൂ നല്‍കി.
അധികം വൈകാതെ ശ്രേയസ്സ് അയ്യരുടെയും ധവാന്റെയും വിക്കറ്റുകള്‍ യഥാക്രമം മാര്‍ക്ക് വുഡും ബെന്‍ സ്റ്റോക്സും വീഴ്ത്തിയപ്പോള്‍ ഇന്ത്യ 197/4 എന്ന നിലയിലേക്ക് വീണു. 98 റണ്‍സാണ് ധവാന്‍ നേടിയത്. താരത്തിന് അര്‍ഹമായ ശതകം 2 റണ്‍സ് അകലെയാണ് കൈമോശം വന്നത്.
ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇന്ത്യ 205/5 എന്ന നിലയിലായിരുന്നു. പിന്നീട് കെഎല്‍ രാഹുല്‍ – ക്രുണാല്‍ പാണ്ഡ്യ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ പുറത്താകാതെ നേടിയ 112 റണ്‍സാണ് ഇന്ത്യയെ 317 റണ്‍സിലേക്ക് എത്തിച്ചത്. 26 പന്തില്‍ നിന്നാണ് ക്രുണാല്‍ പാണ്ഡ്യ തന്റെ അരങ്ങേറ്റ അര്‍ദ്ധ ശതകം നേടിയത്.
ലോകേഷ് രാഹുലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. നാല് ഇന്ത്യന്‍ താരങ്ങള്‍ ആണ് ഇന്ന് അര്‍ദ്ധ ശതകങ്ങള്‍ നേടിയത്. ക്രുണാല്‍ 31 പന്തില്‍ 58 റണ്‍സും രാഹുല്‍ 43 പന്തില്‍ 62 റണ്‍സുമാണ് നേടിയത്. രാഹുല്‍ 4 സിക്സും 4 ഫോറും നേടിയപ്പോള്‍ ക്രുണാല്‍ 7 ഫോറും 2 സിക്സും നേടി.