പാക്കിസ്ഥാനെതിരെ രണ്ടാം ഇന്നിംഗ്സില്‍ 303 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 381 റണ്‍സിന്റെ ശ്രമകരമായ വിജയ ലക്ഷ്യമാണ് പാക്കിസ്ഥാനു മുന്നില്‍ ആതിഥേയര്‍ നല്‍കിയത്. ക്വിന്റണ്‍ ഡി കോക്ക് നേടിയ ശതകത്തിന്റെ ബലത്തില്‍ 135/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് 303 റണ്‍സ് വരെ എത്തിയ്ക്കുകയായിരുന്നു. ഡി കോക്ക് 138 പന്തില്‍ നിന്ന് 129 റണ്‍സ് നേടിയപ്പോള്‍ 380 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഷദബ് ഖാനും ഫഹീം അഷ്റഫും മൂന്ന് വീതം വിക്കറ്റും മുഹമ്മദ് അമീര്‍ രണ്ടും വിക്കറ്റാണ് സന്ദര്‍ശകര്‍ക്കായി നേടിയത്.
ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് ഭേദപ്പെട്ട തുടക്കമാണ് പാക്കിസ്ഥാനു ലഭിച്ചത്. എന്നാല്‍ പതിവു പോലെ ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റാനാകാതെ പോയത് ടീമിനു തിരിച്ചടിയാകുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ഓപ്പണര്‍മാരായ ഇമാം ഉള് ഹക്കിനെയും(35) ഷാന്‍ മക്സൂദിനെയും(37) ഡെയില്‍ സ്റ്റെയിന് പുറത്താക്കിയപ്പോള്‍ അസ്ഹര്‍ അലിയെ(15) ഡുവാനെ ഒളിവിയര്‍ മടക്കി.
49 റണ്‍സ് കൂട്ടുകെട്ടുമായി നാലാം വിക്കറ്റില്‍ അസാദ് ഷഫീക്ക്-ബാബര്‍ അസം കൂട്ടുകെട്ട് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാനെ 153/3 എന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്. വിജയത്തിനായി ഏഴ് വിക്കറ്റുകള്‍ കൈവശം ഇരിക്കെ 228 റണ്‍സ് കൂടി പാക്കിസ്ഥാന് നേടേണ്ടതുണ്ട്. ശ്രമകരമായ ദൗത്യമാണെങ്കിലും അസാദ് ഷഫീക്ക്-ബാബര്‍ അസം കൂട്ടുകെട്ട് ക്രീസില്‍ നില്ക്കുന്നിടത്തോളം കാലം പാക്കിസ്ഥാന് ക്യാമ്പില്‍ പ്രതീക്ഷയുണ്ടാകും. ഷഫീക്ക് 4 റണ്‍സും ബാബര്‍ അസം 17 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്.