ബംഗ്ലാദേശിനെതിരായ ടി20യിൽ ലോക റെക്കോർഡ് പ്രകടനം നടത്തിയ ദീപക് ചഹാറിന് ഐ.സി.സി റാങ്കിങ്ങിൽ കുതിച്ചുചാട്ടം. ബംഗ്ലാദേശിനെതിരായ നിർണ്ണായകമായ മൂന്നാം ടി20 മത്സരത്തിൽ 7 റൺസ് വഴങ്ങി ചഹാർ 6 വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തിൽ ഹാട്രിക് നേടിയ ചഹാർ ടി20യിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു.
ഈ പ്രകടനത്തോടെയാണ് ചഹാർ റാങ്കിങ്ങിൽ കുതിപ്പ് നടത്തിയത്. പുതിയ റാങ്കിങ് പ്രകാരം 88 സ്ഥാനങ്ങൾ കയറി ദീപക് ചഹാർ 42ആം റാങ്കിൽ എത്തിയിട്ടുണ്ട്. നിലവിൽ ബൗളിങ്ങിൽ അഫ്ഗാൻ താരം റാഷിദ് ഖാൻ ആണ് ഒന്നാം സ്ഥാനത്ത്. ബാറ്റിങ്ങിൽ പാകിസ്ഥാൻ താരം ബാബർ അസം ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ച് രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ രോഹിത് ശർമ്മ ഏഴാം സ്ഥാനത്തും ലോകേഷ് രാഹുൽ എട്ടാം സ്ഥാനത്തുമാണ്.