2025-ലെ കരീബിയൻ പ്രീമിയർ ലീഗിൽ (CPL) സെന്റ് ലൂസിയ കിംഗ്സിനെ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് വീസ് നയിക്കും. ഈ സീസണിൽ ‘ദി ഹൺഡ്രഡ്’ ടൂർണമെന്റിൽ കളിക്കുന്നതിനാൽ സ്ഥിരം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ടീമിനൊപ്പമുണ്ടാകില്ല.
കഴിഞ്ഞ സീസണിൽ സെന്റ് ലൂസിയ കിംഗ്സിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് വീസ്.
പുതിയ ഉത്തരവാദിത്തത്തിൽ അദ്ദേഹം ടീമിനോടും ആരാധകരോടുമുള്ള നന്ദി അറിയിച്ചു: “ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു… ഈ സീസണിൽ ഞങ്ങൾ ആവേശത്തോടെയും ഒത്തൊരുമയോടെയും കളിക്കും. ഈ സീസൺ നമുക്ക് അവിസ്മരണീയമാക്കാം.”
കഴിഞ്ഞ സീസണിൽ 121 റൺസെടുത്ത വീസ് 168.05 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുകയും 8.34 എക്കണോമിയിൽ 13 വിക്കറ്റുകൾ നേടുകയും ചെയ്തിരുന്നു.
ഓഗസ്റ്റ് 17-ന് ആന്റിഗ്വ ആൻഡ് ബാർബുഡ ഫാൽക്കൺസുമായിട്ടാണ് സെന്റ് ലൂസിയ കിംഗ്സിന്റെ ഈ സീസണിലെ ആദ്യ മത്സരം. ഓഗസ്റ്റ് 23-ന് ഡാരൻ സമ്മി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അവരുടെ ആദ്യ ഹോം മാച്ച്.