ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡേവിഡ് ബൂൺ ഐസിസി മാച്ച് റഫറി സ്ഥാനത്ത് നിന്ന് വിരമിച്ചു. ചിറ്റോഗ്രാമിൽ നടന്ന ബംഗ്ലാദേശ്-സിംബാബ്‌വെ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിൻ്റെ അവസാന നിയമനം. 14 വർഷം നീണ്ട സേവനത്തിനാണ് ഇതോടെ അവസാനമായത്. 64 കാരനായ ബൂൺ 389 അന്താരാഷ്ട്ര മത്സരങ്ങളിൽ – 87 ടെസ്റ്റുകൾ, 190 ഏകദിനങ്ങൾ, 119 ടി20 മത്സരങ്ങൾ – ഒഫീഷ്യൽ ആയി സേവനമനുഷ്ഠിച്ചു.

ഓസ്‌ട്രേലിയക്ക് വേണ്ടി 13,000-ൽ അധികം റൺസ് നേടിയ അദ്ദേഹത്തിൻ്റെ കളി ജീവിതത്തേക്കാൾ ദൈർഘ്യമേറിയതായിരുന്നു മാച്ച് റഫറി ആയുള്ള കരിയർ. ദേശീയ സെലക്ടറായും മുൻനിര ബാറ്റ്സ്മാനായും സേവനമനുഷ്ഠിച്ചിട്ടുള്ള ബൂൺ ഇനി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബോർഡിൽ ചേരും.
തൻ്റെ കരിയറിനെക്കുറിച്ച് പ്രതികരിച്ച ബൂൺ, തൻ്റെ യാത്രയെ “അവിശ്വസനീയം” എന്ന് വിശേഷിപ്പിക്കുകയും ഇത്രയും കാലം കളിയുമായി അടുത്ത് നിൽക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്നും പറഞ്ഞു.