ഐപിഎൽ 2026 ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച യുവതാരം പ്രശാന്ത് വീറിനേറ്റ പരിക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിന് (സിഎസ്‌കെ) തിരിച്ചടിയാകുന്നു. ലഖ്‌നൗവിൽ ജാർഖണ്ഡിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ഉത്തർപ്രദേശ് താരമായ പ്രശാന്തിന് തോളിന് പരിക്കേറ്റത്. മത്സരത്തിന്റെ ഒന്നാം ദിനം മുപ്പതാം ഓവറിൽ മിഡ്-ഓഫിൽ ഒരു പന്ത് തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണ താരത്തിന്റെ വലതു തോളിന് സാരമായ പരിക്കേൽക്കുകയായിരുന്നു.
പ്രാഥമിക സ്കാനിംഗിൽ തോളിന് ഗ്രേഡ്-2 കീറൽ (tear) ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ താരത്തിന് കുറഞ്ഞത് മൂന്നാഴ്ചത്തെ വിശ്രമം ആവശ്യമായി വരും.
കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 14.20 കോടി രൂപ എന്ന വൻ തുകയ്ക്കാണ് അൺക്യാപ്ഡ് താരമായ പ്രശാന്തിനെ സിഎസ്‌കെ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയുടെ പിൻഗാമിയായി കണക്കാക്കപ്പെടുന്ന ഈ 20-കാരനായ ഓൾറൗണ്ടർ യുപി ടി20 ലീഗിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
നോയിഡ സൂപ്പർ കിംഗ്‌സിനായി 155 സ്ട്രൈക്ക് റേറ്റിൽ 320 റൺസും എട്ട് വിക്കറ്റും താരം നേടിയിരുന്നു. കൂടാതെ വിജയ് ഹസാരെ ട്രോഫിയിലും മികച്ച ഫോമിലായിരുന്നു പ്രശാന്ത്. ഇടംകൈയ്യൻ സ്പിന്നും കരുത്തുറ്റ ബാറ്റിംഗും ഒത്തുചേരുന്ന പ്രശാന്ത് വീർ സിഎസ്‌കെയുടെ മധ്യനിരയിലെ പ്രധാന പ്രതീക്ഷയായിരുന്നു.









