ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2 വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. കെകെആർ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 19.4 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തി. ഡെവാൾഡ് ബ്രെവിസിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയും (25 പന്തിൽ 52), എംഎസ് ധോണിയുടെ (17*) തകർപ്പൻ ഫിനിഷിംഗുമാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സർ പറത്തിയത് സി എസ് കെയുടെ സമ്മർദ്ദം ഒഴിവാക്കി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത 6 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. അജിങ്ക്യ രഹാനെ (33 പന്തിൽ 48) ആണ് അവരുടെ ടോപ് സ്കോറർ. ആന്ദ്രേ റസ്സൽ (21 പന്തിൽ 38), മനീഷ് പാണ്ഡെ (പുറത്താകാതെ 36) എന്നിവരും നിർണായക സംഭാവനകൾ നൽകി. എന്നാൽ നാല് വിക്കറ്റ് വീഴ്ത്തിയ (31 റൺസിന്) നൂർ അഹമ്മദ് കെകെആറിനെ വലിയ സ്കോറിലേക്ക് പോകാതെ നിയന്ത്രിച്ചു.
ചെന്നൈയുടെ ഇന്നിംഗ്സ് തകർച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണർമാർ രണ്ടുപേരും പൂജ്യത്തിന് പുറത്തായി. എന്നാൽ ഉർവിൽ പട്ടേലിന്റെ (11 പന്തിൽ 31) വെടിക്കെട്ട് ബാറ്റിംഗും ബ്രെവിസിന്റെ അർധസെഞ്ചുറിയും അവരെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ശിവം ദുബെ 45 റൺസ് നേടി. അവസാന ഓവറുകളിൽ ധോണി തൻ്റെ പരിചയസമ്പന്നതയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
കെകെആറിൻ്റെ ബൗളർമാരിൽ വൈഭവ് അറോറ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും ടീമിനെ രക്ഷിക്കാൻ അത് മതിയായില്ല. ഈ തോൽവിയോടെ കെകെആറിൻ്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ചെന്നൈ സൂപ്പർ കിംഗ്സ് കഴിഞ്ഞയാഴ്ച തന്നെ പ്ലേ ഓഫ് റേസിൽ നിന്ന് പുറത്തായിരുന്നു.