ഇന്തോ-പാക് അതിർത്തിയിലെ സംഘർഷങ്ങളെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ഐപിഎൽ 2025 മെയ് 17 ന് പുനരാരംഭിക്കാനിരിക്കെ, ഓസ്ട്രേലിയൻ കളിക്കാർക്ക് ഇന്ത്യയിലേക്ക് മടങ്ങുന്ന കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) വ്യക്തമാക്കി.

ലീഗ് നീട്ടിവച്ചതോടെ ഫൈനൽ ജൂൺ 3 ന് ആകും നടക്കുക. ഇത് ജൂൺ 11 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഓസ്ട്രേലിയയുടെ നിർണായക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന് ഒരാഴ്ച മാത്രം മുൻപാണ്. ഇത് പല പ്രധാന കളിക്കാർക്കും കാര്യങ്ങൾ സങ്കീർണ്ണമാക്കുകയാണ്.
“ഇന്ത്യയിലേക്ക് മടങ്ങണോ വേണ്ടയോ എന്ന കാര്യത്തിൽ കളിക്കാരുടെ വ്യക്തിപരമായ തീരുമാനങ്ങളെ ക്രിക്കറ്റ് ഓസ്ട്രേലിയ പിന്തുണയ്ക്കും,” എന്ന് സിഎ പ്രസ്താവനയിൽ പറഞ്ഞു.
ജോഷ് ഹേസൽവുഡ് പോലുള്ള പ്രധാന കളിക്കാർ ഇതിനോടകം തന്നെ പിന്മാറിയിട്ടുണ്ട്. അതേസമയം പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് തുടങ്ങിയവർ തീരുമാനമെടുത്തിട്ടില്ല. എല്ലാ വിദേശ കളിക്കാരെയും തിരികെ എത്തിക്കാൻ ബിസിസിഐ ഫ്രാഞ്ചൈസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.