ശ്രീലങ്കന്‍ പര്യടനത്തിനായി യാത്രയാകുന്ന ബംഗ്ലാദേശ് ടീമിനൊപ്പം ബാറ്റിംഗ് കണ്‍സള്‍ട്ടന്റായ ക്രെയിഗ് മക്മില്ലന്‍ യാത്ര ചെയ്യില്ല. തന്റെ അച്ഛന്റെ മരണം കാരണമാണ് താന്‍ വിട്ട് നില്‍ക്കുന്നതെന്ന് ക്രെയിഗ് ബംഗ്ലാദേശ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. മുന്‍ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് നീല്‍ മക്കിന്‍സിയ്ക്ക് പകരമാണ് മുന്‍ ന്യൂസിലാണ്ട് താരം ക്രെയിഗ് മക്മില്ലനുമായി ബംഗ്ലാദേശ് കരാറിലെത്തിയത്.
ക്രെയിഗ് തങ്ങളെ ഈ വിവരം അറിയിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി അറിയിക്കുകയായിരുന്നു. മക്മില്ലനോടും സ്പിന്‍ കണ്‍സള്‍ട്ടന്റ് ഡാനിയേല്‍ വെട്ടോറിയോടും ബംഗ്ലാദേശിലേക്ക് എത്തിയ ശേഷം ടീമിനൊപ്പം ശ്രീലങ്കയിലേക്ക് യാത്രയാകുവാനായിരുന്നു ബോര്‍ഡ് ആവശ്യപ്പെട്ടത്.
ശ്രീലങ്കയിലേക്ക് ബംഗ്ലാദേശ് സെപ്റ്റംബര്‍ 27ന് യാത്രയാകും. ക്വാറന്റീന്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചതോടെയാണ് പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ ബംഗ്ലാദേശ് തീരുമാനിച്ചത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തേത് ഒക്ടോബര്‍ 23ന് ആരംഭിക്കും.