CPL

ബാര്‍ബഡോസിനു ആറാം തോല്‍വി നല്‍കി ഫാബിയന്‍ അലെന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തുടര്‍ച്ചയായ ആറാം തോല്‍വി ഏറ്റുവാങ്ങി ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് പുലര്‍ച്ചെ നടന്ന പ്രാഥമിക റൗണ്ടിലെ 26ാം മത്സരത്തില്‍ ഫാബിയന്‍ അലെന്റെ ബാറ്റിംഗ് മികവില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് ബാര്‍ബഡോസിനെ തറപറ്റിക്കുകയായിരുന്നു. 2 പന്തുകള്‍ ശേഷിക്കെയാണ് രണ്ട് വിക്കറ്റ് ജയം പാട്രിയറ്റ്സ് സ്വന്തമാക്കിയത്. മത്സരത്തിനു യാതൊരു വിധ പ്രസക്തിയുണ്ടായിരുന്നില്ലെങ്കില്‍ മത്സരം വീക്ഷിക്കാനെത്തിയവര്‍ക്ക് കൊടുത്ത പൈസ മുതലാവുന്ന പ്രകടനമാണ് ടീമുകള്‍ പുറത്തെടുത്തത്.

അവസാന ഓവറില്‍ 17 റണ്‍സ് ജയത്തിനായി ആവശ്യമായിരുന്ന പാട്രിയറ്റ്സിനു വേണ്ടി ആദ്യ മൂന്ന് പന്തില്‍ നിന്ന് തന്നെ ഫാബിയന്‍ അലെന്‍ സ്കോറുകള്‍ ഒപ്പമെത്തിയ്ക്കുകയായിരുന്നു. ആദ്യ രണ്ട് പന്തുകള്‍ സിക്സും മൂന്നാം പന്ത് ബൗണ്ടറിയും കടത്തിയ ഫാബിയന്‍ നാലാം പന്തില്‍ ലെഗ് ബൈയിലൂടെ നേടിയ ഒരു റണ്‍സിന്റെ ബലത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഒരു ഘട്ടത്തില്‍ 92/6 എന്ന നിലയിലായിരുന്ന പാട്രിയറ്റ്സിനെ 34 പന്തില്‍ നിന്ന് 64 റണ്‍സ് നേടി പുറത്താകാതെ നിന്ന ഫാബിയന്‍ അലെന്‍ ആണ് വിജയിപ്പിച്ചത്. 6 ബൗണ്ടറിയും നാല് സിക്സും നേടിയ താരമാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മറ്റു താരങ്ങളില്‍ കാര്യമായ സംഭാവനകള്‍ ആരും നടത്തിയില്ലെങ്കിലും ക്രിസ് ഗെയില്‍(22), എവിന്‍ ലൂയിസ്(19) എന്നിവരാണ് ടീമിലെ പ്രധാന സ്കോറര്‍മാര്‍. ബാര്‍ബഡോസിനു വേണ്ടി മുഹമ്മദ് ഇര്‍ഫാന്‍ മൂന്നും ഇമ്രാന്‍ ഖാന്‍ രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടുകയായിരുന്നു. നിക്കോളസ് പൂരന്‍(44), റോഷ്ടണ്‍ ചേസ്(38*), ജേസണ്‍ ഹോള്‍ഡര്‍ 11 പന്തില്‍ പുറത്താകാതെ 30 റണ്‍സ് എന്നിവരാണ് തിളങ്ങിയ താരങ്ങള്‍. തബ്രൈസ് ഷംസി രണ്ട് വിക്കറ്റ് നേടി പാട്രിയറ്റ്സ് ബൗളര്‍മാരില്‍ മികവ് തെളിയിച്ചു.