ജയം 12 റൺസിന്, ജമൈക്കയെ വീഴ്ത്തി ഗയാന, ബ്രണ്ടന്‍ കിംഗിന്റെ ശതകം വിഫലം

Sports Correspondent

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് രാവിലെ അവസാനിച്ച മത്സരത്തിൽ ജമൈക്ക തല്ലാവാസിനെ പരാജയപ്പെടുത്തി ഗയാന ആമസോൺ വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ഗയാന 178/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ജമൈക്കയ്ക്ക് 166 റൺസ് മാത്രമേ നേടാനായുള്ളു. 19.5 ഓവറിൽ ജമൈക്ക ഓള്‍ഔട്ട് ആയപ്പോള്‍ 12 റൺസ് വിജയം ഗയാന നേടി.

60 റൺസ് നേടിയ ഷായി ഹോപും 16 പന്തിൽ 42 റൺസ് നേടിയ ഒഡിയന്‍ സ്മിത്തും ആണ് ഗയാനയുടെ ബാറ്റിംഗിൽ തിളങ്ങിയത്. 12 പന്തിൽ 24 റൺസ് നേടി കീമോ പോളും തിളങ്ങി.

ജമൈക്കയ്ക്ക് വേണ്ടി ബ്രണ്ടന്‍ കിംഗ് ഒറ്റയാള്‍ പോരാട്ടം നടത്തി 66 പന്തിൽ 104 റൺസ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് യാതൊരുവിധ പിന്തുണയും ലഭിയ്ക്കാതിരുന്നപ്പോള്‍ ജമൈക്ക കീഴടങ്ങി. അവസാന ഓവറിലെ മൂന്നാം പന്തിൽ ആണ് കിംഗ് പുറത്തായത്. ഒഡിയന്‍ സ്മിത്ത്, ഇമ്രാന്‍ താഹിര്‍, ഗുദകേഷ് മോട്ടി എന്നിവര്‍ ഗയാനയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.