കരീബിയൻ പ്രീമിയർ ലീഗ് ഒരാഴ്ചയോ പത്ത് ദിവസമോ നേരത്തെ ആക്കുവാൻ വെസ്റ്റിൻഡീസ് ബോർഡിനോട് ആവശ്യപ്പെട്ട് ബിസിസിഐ. സെപ്റ്റംബറിൽ ഐപിഎൽ ആരംഭിക്കുമ്പോൽ വിൻഡീസ് താരങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗം ആയാണിതെന്നാണ് അറിയുന്നത്. ഇംഗ്ലണ്ട്, ന്യൂസിലാണ്ട്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ താരങ്ങളുടെ സാന്നിദ്ധ്യം സംശയത്തിലായിരിക്കുന്ന സാഹചര്യത്തിൽ ഐപിഎലിലെ പ്രധാന താരങ്ങളിൽ ഏറ്റവും അധികം ആളുകൾ വെസ്റ്റിൻഡീസിൽ നിന്നാണ്.
ഐപിഎൽ യുഎഇയിലാണ് നടക്കുക എന്നറിയിച്ചുവെങ്കിൽ കൃത്യമായ തീയ്യതികൾ ഇതുവരെ ബിസിസിഐ പുറത്ത് വിട്ടിട്ടില്ല. ഓഗസ്റ്റ് 28ന് ആരംഭിച്ച് സെപ്റ്റംബർ 19ന് ആണ് കരീബിയൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. അതേ സമയം ഐപിഎൽ സെപ്റ്റംബർ 15നും ഇരുപതിനും ഇടയ്ക്കൊരു ദിവസത്തിൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. ആ സാഹചര്യത്തിൽ വിൻഡീസ് താരങ്ങൾക്ക് ഐപിഎലിലെ കുറച്ചധികം മത്സരങ്ങൾ നഷ്ടമാകുവാൻ സാധ്യതയുണ്ട്.
സിപിഎൽ ഫൈനൽ കഴിഞ്ഞ് യുഎഇയിൽ എത്തുന്ന താരങ്ങൾ ക്വാറന്റീനും കഴിഞ്ഞ മാത്രമേ ഐപിഎൽ മത്സരങ്ങൾക്ക് ഇറങ്ങുവാൻ സാധിക്കുവെന്നിരിക്കേ ഒരാഴ്ച മുമ്പോട്ട് ഈ ടൂർണ്ണമെന്റ് മാറ്റുകയാണെങ്കിൽ വിൻഡീസ് താരങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുവാൻ ബിസിസിഐയ്ക്ക് സാധിക്കും. ഇതാണ് ഇപ്പോൾ ബിസിസിഐയെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
എല്ലാ ബോർഡുകളോടും ബിസിസിഐ താരങ്ങളുടെ ലഭ്യതയെക്കുറിച്ച് സംസാരിക്കുമെന്നും അത് പോലെ വിൻഡീസ് ബോർഡിനോടും സംസാരിക്കുകയാണെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത.