മംഗലാപുരം: കൂച്ച് ബെഹാർ ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് 153 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ക്യാപ്റ്റൻ അഹ്മദ് ഇമ്രാൻ്റെ ഉജ്ജ്വല സെഞ്ച്വറിയാണ് കേരളത്തിന് മികച്ച ലീഡ് സമ്മാനിച്ചത്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 322 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഝാർഖണ്ഡ് വിക്കറ്റ് പോകാതെ 30 റൺസെന്ന നിലയിലാണ്.
നാല് വിക്കറ്റിന് 76 റൺസെന്ന നിലയിലാണ് കേരളം രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. തകർച്ചയുടെ വക്കിലായിരുന്ന കേരള ഇന്നിങ്സിനെ ശക്തമായ നിലയിലെത്തിച്ചത് അഹ്മദ് ഇമ്രാനും അദ്വൈത് പ്രിൻസും ചേർന്നുള്ള കൂട്ടുകെട്ടാണ്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 182 റൺസ് കൂട്ടിച്ചേർത്തു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അഹ്മദ് ഇമ്രാൻ 160 പന്തുകളിൽ നിന്ന് 147 റൺസ് നേടി. 19 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു അഹ്മദ് ഇമ്രാൻ്റെ ഇന്നിങ്സ്. അദ്വൈത് പ്രിൻസ് 61 റൺസെടുത്തു. തോമസ് മാത്യു, ആദിത്യ ബൈജു, അഭിരാം എന്നിവർ വാലറ്റത്ത് നടത്തിയ ചെറുത്തുനില്പും ലീഡുയർത്താൻ കേരളത്തെ സഹായിച്ചു. അഞ്ച് വിക്കറ്റെടുത്ത തനീഷാണ് ഝാർഖണ്ഡ് ബൌളിങ് നിരയിൽ തിളങ്ങിയത്. ഇഷാൻ ഓം മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡ് കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 30 റൺസെന്ന നിലയിലാണ്. 24 റൺസോടെ ക്യാപ്റ്റൻ ബിശേഷ് ദത്തയും അഞ്ച് റൺസോടെ വത്സൽ തിവാരിയുമാണ് ക്രീസിൽ.