കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

Newsroom

cooch behar kerala
Download the Fanport app now!
Appstore Badge
Google Play Badge 1

മംഗലപുരം: കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് ഝാർഖണ്ഡിനോട് തോൽവി. 105 റൺസിനാണ് ഝാർഖണ്ഡ് കേരളത്തെ തോല്പിച്ചത്. ആദ്യ ഇന്നിങ്സിൽ 153 റൺസിൻ്റെ ലീഡ് നേടിയ ശേഷമാണ് കേരളം മത്സരം ഝാർഖണ്ഡിന് അടിയറ വച്ചത്. 226 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 120 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

Picsart 24 12 08 19 23 42 025

ആറ് വിക്കറ്റിന് 328 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡിൻ്റെ ഇന്നിങ്സ് അധികം നീണ്ടില്ല. അൻപത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി. നാല് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഹ്മദ് ഇമ്രാനുമായിരുന്നു കേരള ബൌളിങ് നിരയിൽ തിളങ്ങിയത്.

തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റേത് അവിശ്വസനീയമായ തകർച്ചയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ ഓം, നാല് വിക്കറ്റ് വീഴ്ത്തിയ തനീഷ് എന്നിവരുടെ പ്രകടനമാണ് കേരള ബാറ്റിങ് നിരയെ തകർത്തത്. കേരള ബാറ്റർമാരിൽ ഒരാൾക്ക് പോലും പിടിച്ചു നില്ക്കാനായില്ല. 24 റൺസെടുത്ത ഓപ്പണർ രോഹിതാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ അഹ്മദ് ഇമ്രാൻ 23 റൺസ് നേടി. 120 റൺസിന് കേരള ഇന്നിങ്സിന് അവസാനമായി. ആദ്യ ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയിൽ നിന്ന് ഝാർഖണ്ഡിനെ വിജയത്തിലേക്ക് നയിച്ചതിൽ നിർണ്ണായകമായത് രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ ബിശേഷ് ദത്ത നേടിയ 143 റൺസാണ്. വത്സൽ തിവാരി 92 റൺസും നേടിയിരുന്നു. ജയത്തിലൂടെ ഝാർഖണ്ഡ് വിലപ്പെട്ട ആറ് പോയിൻ്റുകൾ സ്വന്തമാക്കി