കൂച്ച് ബെഹാര്‍: കേരളത്തിന് 134 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്, മഹാരാഷ്ട്ര പൊരുതുന്നു

Newsroom

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 134 റണ്‍സിന്റെ ലീഡ്. രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച കേരളം 82 ഓവറില്‍ 269 റണ്‍സിന് പുറത്തായി. അക്ഷയ് എസ്.എസിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് കേരളം ആദ്യ ഇന്നിങ്‌സില്‍ 134 റണ്‍സിന്റെ ലീഡ് കരസ്ഥമാക്കിയത്.

എട്ട് റണ്‍സിന്റെ വ്യത്യാസത്തില്‍ സെഞ്ച്വറി നഷ്ടമായ അക്ഷയ് 167 പന്തില്‍ 12 ഫോര്‍ ഉള്‍പ്പെടെയാണ് 92 റണ്‍സ് നേടിയത്. നിരജ് ജോഷിയുടെ പന്തില്‍ സഹില്‍ പ്രകാശ് ക്യാച്ചെടുത്താണ് അക്ഷയ് പുറത്തായത്. കേരളത്തിനായി ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്‍ 39ഉം , മുഹമ്മദ് ഇനാന്‍ 25 ഉം, സൗരഭ് 21ഉം റണ്‍സ് നേടി. സ്‌കോര്‍ 269-ല്‍ നില്ക്കെ കേരളത്തിന് നഷ്ടമായത് മൂന്ന് വിക്കറ്റുകളാണ്. അണ്ടർ 19 ദേശീയ ടീമംഗവും മഹാരാഷ്ട്രയുടെ ക്യാപ്റ്റനുമായ കിരണാണ് രണ്ട് വിക്കറ്റുകളുമായി കേരളത്തിന്റെ ഇന്നിങ്‌സ് 269ല്‍ അവസാനിപ്പിച്ചത്. മഹാരാഷ്ട്രയ്ക്കായി ഒ.എം ഭബദ് മൂന്നു വിക്കറ്റും നിലയ് ഷിങ്‌വി, കിരണ്‍, നിരജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ മഹാരാഷ്ട്ര കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയിലാണ്. മഹാരാഷ്ട്രയ്ക്ക് ഇപ്പോള്‍ 47 റണ്‍സിന്റെ ലീഡുണ്ട്. കേരളത്തിനായി മുഹമ്മദ് ജസീല്‍ രണ്ടു വിക്കറ്റും മുഹമ്മദ് ഇനാന്‍ ഒരു വിക്കറ്റും വീഴ്ത്തി. സഹില്‍ പ്രകാശ്, നിരജ് ജോഷി, കിരണ്‍ എന്നിവരുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് നഷ്ടമായത്.