കൂച്ച് ബെഹാർ ട്രോഫിയിൽ ബറോഡയ്ക്കെതിരെ കേരളത്തിന് 591 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം

Newsroom

Cricket

വഡോദര: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ 591 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യമുയ‍ർത്തി ബറോഡ. നേരത്തെ 87 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ബറോഡ ഒൻപത് വിക്കറ്റിന് 503 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയ‍ർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിവസം കളി നി‍ർത്തുമ്പോൾ ഒരു വിക്കറ്റിന് 34 റൺസെന്ന നിലയിലാണ്.

ബറോഡ താരം വിശ്വാസിൻ്റെ തക‍ർപ്പൻ ഡബിൾ സെഞ്ച്വറിയാണ് മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. ഒരു വിക്കറ്റിന് 196 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ബറോഡയ്ക്ക് വൈകാതെ ക്യാപ്റ്റൻ സ്മിത് രഥ്വയുടെ വിക്കറ്റ് നഷ്ടമായി. 74 റൺസെടുത്ത സ്മിത്തിനെ അഭിനവ് കെ വിയുടെ പന്തിൽ അമയ് മനോജ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. തുട‍ർന്നെത്തിയ പ്രിയൻഷു ജാധവും വിശ്വാസും ചേ‍ർന്ന് മൂന്നാം വിക്കറ്റിൽ 191 റൺസ് കൂട്ടിച്ചേർത്തു. 233 റൺസെടുത്ത വിശ്വാസിനെ പുറത്താക്കി മൊഹമ്മദ് ഇനാനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 30 ബൗണ്ടറികളും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു വിശ്വാസിൻ്റെ ഇന്നിങ്സ്.

ഡിക്ലറേഷൻ മുന്നിൽക്കണ്ട് ബറോഡ താരങ്ങൾ സ്കോറിങ് വേ​ഗത്തിലാക്കിയതോടെ വിക്കറ്റുകൾ മുറയ്ക്ക് വീണു. പ്രിയൻഷു ജാധവ് 90ഉം പിയൂഷ് രാം യാദവ് 61ഉം റൺസെടുത്ത് പുറത്തായി. ഇവരുടെ ഉൾപ്പടെ ആറ് വിക്കറ്റുകൾ വീഴ്ത്തിയ മൊഹമ്മദ് ഇനാനാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. അഭിനവ് കെ വിയും തോമസ് മാത്യുവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബറോഡ ഒൻപത് വിക്കറ്റിന് 503 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയ‍ർ ചെയ്തു.