ഇന്ത്യയുടെ നെറ്റ്സ് പരിശീലനത്തില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും തമ്മില്‍ രസകരമായ ചില മത്സരങ്ങള്‍ നടക്കാറുണ്ടെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഇരുവരും തമ്മില്‍ ആരാണ് കൂടുതല്‍ ബാറ്റ്സ്മാന്മാരുടെ ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കുക എന്നതില്‍ മത്സരം നടക്കുമെന്നാണ് രോഹിത് ശര്‍മ്മ വ്യക്തമാക്കിയത്.
ഇരുവര്‍ക്കുമെതിരെ നെറ്റ്സില്‍ ബാറ്റ് ചെയ്യുക പ്രയാസമാണ്. അതിന് കാരണമായി രോഹിത് പറഞ്ഞത് ഇരുവരും തമ്മില്‍ ഉള്ള ഈ മത്സരത്തെക്കുറിച്ചാണ്. നെറ്റ്സില്‍ പൊതുവേ ബൗളിംഗ് അനുകൂലമായ പിച്ചുകളാണ് തയ്യാറാക്കുക. അതില്‍ ഷമി വളരെ മികച്ച രീതിയില്‍ പന്തെറിയുമെന്ന് രോഹിത് പറഞ്ഞു. കൂടാതെ താന്‍ മൂന്ന് നാല് വര്‍ഷം മാത്രമായി കളിക്കുന്ന താരമായതിനാല്‍ ബുംറയെ നേരിടുകയും പ്രയാസമാണെന്ന് രോഹിത് വ്യക്തമാക്കി.
ഷമിയ്ക്കെതിരെ 2013 മുതല്‍ താന്‍ കളിക്കുകയാണ്, എന്നാല്‍ താരം വളെ പ്രയാസമേറിയ ബൗളറാണ് നെറ്റ്സില്‍ നേരിടാനെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി. ബാറ്റ്സ്മാന്മാരെ ബീറ്റ് ചെയ്യുകയും ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കുകയും ചെയ്യുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത് ഷമിയും ബുംറയുമാണെന്ന് രോഹിത് പറഞ്ഞു.
രോഹിത് പങ്കെടുത്ത പരിപാടി ആതിഥേയത്വം വഹിച്ചത് വനിത താരങ്ങളായ സ്മൃതി മന്ഥാനയും ജെമീമ റോഡ്രിഗസ്സുമായിരുന്നു. ഇതില്‍ സ്മൃതി താന്‍ ഷമിയെ ഒരിക്കല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ നേരിട്ടപ്പോളുള്ള അനുഭവവും പങ്കുവെച്ചു. അന്ന് ഷമിയുടെ പന്ത് കൊണ്ട് തന്റെ ഉള്ളംതുട നീര് വന്നുവെന്നും അത് ശരിയാകുവാന്‍ ഏറെ നാളെടുത്തുവെന്നുമാണ് സ്മൃതി മന്ഥാന പറഞ്ഞത്.