സി കെ നായിഡു ട്രോഫി – ചണ്ഡീഗഢിനെതിരെ ലീഡിനായി കേരളം

Newsroom

ck nayidu
Download the Fanport app now!
Appstore Badge
Google Play Badge 1

സി കെ നായിഡു ട്രോഫിയിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന് മികച്ച സ്കോർ. ഷോൺ റോജറിൻ്റെ സെഞ്ച്വറി മികവിൽ കേരളം ആദ്യ ഇന്നിങ്സിൽ 384റൺസെടുത്തു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ചണ്ഡീഗഢ് നാല് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെന്ന നിലയിലാണ്.

ഏഴ് വിക്കറ്റിന് 325 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളിയാരംഭിച്ച കേരളത്തിന് 59 റൺസ് കൂടി മാത്രമാണ് ചേർക്കാനായത്. 24 റൺസെടുത്ത ഏദൻ ആപ്പിൾ ടോമാണ് ആദ്യം മടങ്ങിയത്. സ്കോർ 372ൽ നില്ക്കെ ഷോൺ റോജറുടെ വിക്കറ്റും നഷ്ടമായി. 14 ഫോറും നാല് സിക്സുമടക്കം 165 റൺസെടുത്ത ഷോണിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് കരുത്തായത്. കിരൺ സാഗർ 12ഉം അഖിൻ രണ്ടും റൺസെടുത്തു. ചണ്ഡിഗഢിന് വേണ്ടി ഇവ്രാജ് രണൌട്ട ഏഴ് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് ഓപ്പണർമാരായ ദേവാങ് കൌശിക്കും അർണവ് ബൻസലും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 92 റൺസ് പിറന്നു. അർണവ് ബൻസൽ 62 റൺസെടുത്ത് പുറത്തായി. ദേവാങ് കൌശിക്ക് 83 റൺസുമായി പുറത്താകാതെ നില്ക്കുകയാണ്. 49 റൺസുമായി നിഖിലും ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി കിരൺ സാഗർ രണ്ട് വിക്കറ്റും ഷോൺ റോജറും ജെ എസ് അനുരാജും ഓരോ വിക്കറ്റും വീഴ്ത്തി.