സി കെ നായിഡു ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 237 റൺസിന് പുറത്ത്. വരുൺ നായനാരുടെ പ്രകടനമാണ് കേരളത്തെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 19 റൺസെന്ന നിലയിലാണ്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിൻ്റേത് മോശം തുടക്കമായിരുന്നു. അഞ്ച് റൺസെടുത്ത ഓപ്പണർ റിയ ബഷീറിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. വൈകാതെ 19 റൺസെടുത്ത ക്യാപ്റ്റൻ അഭിഷേക് നായരും മടങ്ങി. തൊട്ടു പിറകെ റണ്ണൊന്നുമെടുക്കാതെ ഷോൺ റോജറും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 49 റൺസെന്ന നിലയിലായിരുന്നു കേരളം. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന വരുൺ നായനാരുടെ ഇന്നിങ്സ് കേരളത്തിന് കരുത്തായി. ഗോവിന്ദ് ദേവ് പൈ, രോഹൻ നായർ എന്നിവരുമായി ചേർന്ന് ഭേദപ്പെട്ട കൂട്ടുകെട്ടുകളുണ്ടാക്കിയ വരുണാണ് കേരളത്തിന് മാന്യമായ സ്കോർ സമ്മാനിച്ചത്. 13 ഫോറടക്കം 91 റൺസാണ് വരുൺ നേടിയത്. രോഹൻ നായർ 35ഉം ഏദൻ ആപ്പിൾ ടോം 25ഉം റൺസെടുത്തു.നാല് വിക്കറ്റ് വീഴ്ത്തിയ ശുഭം മൈദും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അജയ് ബൊറുഡെയുമാണ് മഹാരാഷ്ട്ര ബൌളിങ് നിരയിൽ തിളങ്ങിയത്














