സി കെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡീഗഢിന് 28 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ചണ്ഡീഗഢിൻ്റെ ഒന്നാം ഇന്നിങ്സ് 412 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന നിലയിലാണ്. കേരളത്തിന് ഇപ്പോൾ 107 റൺസിൻ്റെ ലീഡാണുള്ളത്.

നാല് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ചണ്ഡീഗഢിന് തുടക്കത്തിൽ തന്നെ 88 റൺസെടുത്ത ദേവാങ് കൌശിക്കിൻ്റെ വിക്കറ്റ് നഷ്ടമായി. വൈകാതെ 68 റൺസെടുത്ത നിഖിലിനെയും ഇവ്രാജ് റണ്ണൌട്ടയെയും പുറത്താക്കി കേരളം പിടി മുറുക്കിയെങ്കിലും ഏഴാമനായെത്തിയ അക്ഷിത് റാണ ചണ്ഡീഗഢിൻ്റെ രക്ഷകനായി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അക്ഷിത് ഒരു വശത്ത് ഉറച്ചു നിന്നതോടെ മത്സരത്തിലെ മുൻതൂക്കം കേരളത്തിന് നഷ്ടമാവുകയായിരുന്നു.അക്ഷിത് 99 പന്തിൽ നിന്ന് 97 റൺസെടുത്തു.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ കിരൺ സാഗറാണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്. ഏദൻ ആപ്പിൾ ടോം രണ്ട് വിക്കറ്റും ഷോൺ റോജറും അനുരാജും ആസിഫ് അലിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് റൺസെടുത്ത ക്യാപ്റ്റൻ അഭിഷേക് നായരുടെ വിക്കറ്റ് നഷ്ടമായി. മൂന്നാമനായെത്തിയ ആകർഷ് അഞ്ച് റൺസുമായി മടങ്ങി. മൂന്നാം വിക്കറ്റിൽ ഓപ്പണർ റിയാ ബഷീറും ഷോൺ റോജറും ചേർന്ന് 58 റൺസ് കൂട്ടിച്ചേർത്തു. റിയാ ബഷീർ 47 റൺസും ഷോൺ റോജർ 25 റൺസും എടുത്ത് പുറത്തായി. തുടർന്നെത്തിയവരിൽ 24 റൺസെടുത്ത വരുൺ നായനാർക്ക് മാത്രമാണ് പിടിച്ചു നില്ക്കാനായത്. രോഹൻ നായർ പത്തും ആസിഫ് അലി നാലും റൺസെടുത്ത് പുറത്തായി. കളി നിർത്തുമ്പോൾ ഏഴ് റൺസോടെ കിരൺ സാഗറും റണ്ണൊന്നുമെടുക്കാതെ ഏദൻ ആപ്പിൾ ടോമും ആണ് ക്രീസിൽ