സി.കെ.നായിഡു ട്രോഫിയിൽ ജമ്മുകാശ്മീരിനെതിരെ കേരളം വിജയത്തിലേക്ക്

Newsroom

Resizedimage 2026 01 25 19 18 18 1

തിരുവനന്തപുരം: സി.കെ. നായിഡു ട്രോഫിയിൽ ജമ്മുകാശ്മീരിനെതിരെ കേരളം വിജയത്തിലേക്ക്. 260 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജമ്മുകാശ്മീർ മൂന്നാം ദിനം കളി നിർത്തുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്ന നിലയിലാണ്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ കാശ്മീരിന് ജയിക്കാൻ 118 റൺസ് കൂടി വേണം. നേരത്തെ കേരളത്തിന്റെ രണ്ടാം ഇന്നിം​ഗ്സ് 268 റൺസിന് അവസാനിച്ചിരുന്നു.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ അഹമ്മദ് ഇമ്രാന്റെ വിക്കറ്റ് നഷ്ടമായി. 72 റൺസെടുത്ത അഹമ്മദ് ഇമ്രാനെ സർവ്വാശിഷ് സിങ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ പവൻ ശ്രീധറിനും ആദിത്യ ബൈജുവിനുമൊപ്പം മാനവ് കൃഷ്ണ കൂട്ടിച്ചേർത്ത 87 റൺസാണ് കേരളത്തിന് കരുത്ത് പകർന്നത്. 61 റൺസെടുത്ത മാനവ് കൃഷ്ണയെയും സർവ്വാശിഷ് സിങ് തന്നെയാണ് പുറത്താക്കിയത്. പവൻ ശ്രീധർ 24-ഉം ആദിത്യ ബൈജു 25-ഉം റൺസ് നേടി. ജമ്മു കശ്മീരിന് വേണ്ടി സർവ്വാശിഷ് സിങ് ആറും വിശാൽ കുമാർ നാലും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീരിന് കേരള ബൗളർമാർ തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിച്ചു. ഒൻപത് റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ കമക്ഷ് ശർമ്മയുടെയും ബാസിത് നസീറിന്റെയും വിക്കറ്റുകൾ അവർക്ക് നഷ്ടമായി. ആറ് റൺസെടുത്ത കമക്ഷിനെ ആദിത്യ ബൈജുവും ബാസിത് നസീറിനെ പൂജ്യത്തിന് പവൻ രാജും പുറത്താക്കി. തുടർന്നെത്തിയ ക്യാപ്റ്റൻ ശിവാൻഷ് ശർമ്മയും ഉദയ് പ്രതാപും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ 22 റൺസെടുത്ത ശിവാൻഷ് ശർമ്മയെ പുറത്താക്കി ഷോൺ റോജർ ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. മറുവശത്ത് 53 റൺ സുമായി നിലയുറപ്പിച്ച ഉദയ് പ്രതാപിനെ ജെ.എസ്. അനുരാജ് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി. ആർണവ് ഗുപ്ത, ഫൈസാൻ അഹമ്മദ് എന്നിവരെക്കൂടി അനുരാജ് തന്നെ മടക്കിയതോടെ കളി കേരളത്തിന്റെ വരുതിയിലായി. അവസാന ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ 9 വിക്കറ്റ് 142 റൺസെന്ന നിലയിലാണ് ജമ്മുകാശ്മീർ.39 റൺസുമായി റൈദ്ദാമും അക്കൗണ്ട് തുറക്കാതെ സർവാഷിഷ് സിം​ഗുമാണ് ക്രീസിൽ.കേരളത്തിനായി ജെ.എസ്,അനുരാജ് 4 വിക്കറ്റും ഷോൺ റോജർ, പവൻ രാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.