സി.കെ. നായിഡു ട്രോഫി: മേഘാലയയെ ഇന്നിങ്സിനും 163 റൺസിനും തകർത്ത് കേരളം

Newsroom

Resizedimage 2026 01 23 21 47 24 1

മേഘാലയ: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഒരിന്നിങ്സിനും 163 റൺസിനുമാണ് കേരളം മേഘാലയയെ തോൽപ്പിച്ചത്. ഒന്നാം ഇന്നിങ്സിൽ 251 റൺസിന്റെ ലീഡ് വഴങ്ങിയ മേഘാലയ രണ്ടാം ഇന്നിങ്സിൽ വെറും 88 റൺസിന് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ജെ.എസ്. അനുരാജിന്റെ പ്രകടനമാണ് കേരളത്തിന് അനായാസ വിജയമൊരുക്കിയത്.

സ്കോർ:
മേഘാലയ: ഒന്നാം ഇന്നിങ്സ് -106, രണ്ടാം ഇന്നിങ്സ് – 88
കേരളം: ഒന്നാം ഇന്നിങ്സ് – 357

മൂന്നാം കളി ആരംഭിക്കുമ്പോൾ, ആറ് വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 205 റൺസായിരുന്നു മേഘാലയയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ കേരളത്തിന്റെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ മേഘാലയയുടെ ബാറ്റിങ് നിരയ്ക്ക് പിടിച്ചുനിൽക്കാനായില്ല. വെറും 42 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി. അവിനാഷ് റായ് (28), ക്യാപ്റ്റൻ കെവിൻ ക്രിസ്റ്റഫർ (22), ദീപാങ്കർ (15) എന്നിവർ മാത്രമാണ് മേഘാലയ നിരയിൽ രണ്ടക്കം കടന്നത്.

ആറ് വിക്കറ്റ് വീഴ്ത്തിയ ജെ.എസ്. അനുരാജാണ് മേഘാലയയുടെ ബാറ്റിങ് നിരയെ തകർത്തത്. ആദ്യ ഇന്നിങ്സിലും നാല് വിക്കറ്റ് വീഴ്ത്തിയ അനുരാജ് മത്സരത്തിലാകെ പത്ത് വിക്കറ്റുകൾ സ്വന്തമാക്കി. കൈലാസ് ബി. നായർ രണ്ടും, അഭിജിത് പ്രവീൺ, ജിഷ്ണു എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ മത്സരത്തിൽ കേരളം ജമ്മു കശ്മീരിനെയും തോൽപ്പിച്ചിരുന്നു. മേഘാലയയ്‌ക്കെതിരെയുള്ള തകർപ്പൻ വിജയത്തോടെ 35 പോയിന്റോടെ കേരളം പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഫെബ്രുവരി ആറിന് ഗോവയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.