ടെസ്റ്റ് ക്രിക്കറ്റിന് യോജിക്കുന്ന രീതിയിൽ തന്റെ ബാറ്റിംഗ് ശൈലി മാറ്റിയത് തനിക്ക് തിരിച്ചടിയായെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തന്റെ 25മത്തെ വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം കൊണ്ട് തന്റെ ബാറ്റിംഗ് ശൈലി മാറ്റിയത് തനിക്ക് തിരിച്ചടിയാവുകയായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം പറഞ്ഞു. തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഇന്ത്യൻ ടീമിൽ ഇടം നേടിയ ഉത്തപ്പ തുടർന്ന് മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയതോടെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുപോയിരുന്നു.
തന്റെ പ്രധാന ലക്ഷ്യം ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങൾ കളിക്കുകയായിരുന്നെന്നും തന്റെ 21മത്തെ വയസ്സിൽ താൻ ബാറ്റിംഗ് ശൈലി മാറ്റിയിരുന്നെങ്കിൽ തനിക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിയുമായിരുന്നെന്നും ഉത്തപ്പ പറഞ്ഞു. തന്റെ 25മത്തെ വയസ്സിൽ കൂടുതൽ സമയം ക്രീസിൽ ചിലവഴിക്കുന്നതിന് വേണ്ടി മുൻ ഇന്ത്യൻ താരം പ്രവീൺ ആംറെയെ കൂട്ടുപിടിച്ച് തന്റെ ബാറ്റിംഗ് ശൈലി മാറ്റിയെന്നും ഇതോടെ തന്റെ ആക്രമണ ബാറ്റിംഗ് നഷ്ടമായെന്നും ഉത്തപ്പ പറഞ്ഞു.
34കാരനായ ഉത്തപ്പ 2015ൽ സിംബാബ്വെക്കെതിരായാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഇന്ത്യക്ക് വേണ്ടി 46 ഏകദിന മത്സരങ്ങളും 13 ടി20 മത്സരങ്ങളും ഉത്തപ്പ കളിച്ചിട്ടുണ്ട്.