ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണ്ണായക പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന് 273 റൺസ്. അവസാന പന്തിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു. ആദ്യ ഘട്ടത്തിൽ സെദിക്കുള്ളയും അവസാനത്തോടെ ഒമര്‍സായിയും ഉയര്‍ത്തിയ ചെറുത്തുനില്പാണ് അഫ്ഗാനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യ ഓവറിൽ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ ടീമിനെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ ഇബ്രാഹിം സദ്രാനും സെദിക്കുള്ള അടലും ചേര്‍ന്ന് 67 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും ആഡം സംപ 22 റൺസ് നേടിയ സദ്രാനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു.
മാക്സ്വെൽ റഹ്മത് ഷായെയും പുറത്താക്കിയപ്പോള്‍ അഫ്ഗാന് 91/3 എന്ന നിലയിലായി. നാലാം വിക്കറ്റിൽ സെദിക്കുള്ളയും ഹഷ്മത്തുള്ള ഷഹീദിയും ചേര്‍ന്ന് 68 റൺസ് നേടിയപ്പോള്‍ 85 റൺസ് നേടിയ സെദിക്കുള്ളയെ സ്പെനസര്‍ ജോൺസൺ പുറത്താക്കി. അധികം വൈകാതെ ഷഹീദിയുടെ വിക്കറ്റ് സംപ നേടി. തൊട്ടടുത്ത ഓവറിൽ നബി റണ്ണൗട്ടായപ്പോള്‍ അഫ്ഗാനിസ്ഥാന് 182/6 എന്ന നിലയിലായി. ഗുൽബാദിന്‍ നൈബും വേഗത്തിൽ പുറത്തായപ്പോള്‍ 199 റൺസായിരുന്നു അഫ്ഗാനിസ്ഥാന് നേടിയത്.
അവിടെ നിന്ന് അഫ്ഗാനിസ്ഥാനെ 273 റൺസെന്ന സ്കോറിലേക്ക് എത്തിച്ചത് അസ്മത്തുള്ള ഒമര്‍സായിയുടെ ബാറ്റിംഗ് പ്രകടനം ആയിരുന്നു. റഷീദ് ഖാനുമൊത്ത് (19) എട്ടാം വിക്കറ്റിൽ 36 റൺസും 9ാം വിക്കറ്റിൽ നൂര്‍ അഹമ്മദിനെ കൂട്ടുപിടിച്ച് 37 റൺസും നേടിയ താരം.
63 പന്തിൽ 67 റൺസ് നേടിയ ഒമര്‍സായി 5 സിക്സും ഒരു ബൗണ്ടറിയും ആണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ബെന്‍ ഡ്വാര്‍ഷൂയിസ് മൂന്ന് വിക്കറ്റും ആഡം സംപയും സ്പെന്‍സര്‍ ജോൺസണും രണ്ട് വിക്കറ്റും നേടി.