ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ന് ഗ്രൂപ്പ് ബി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ദക്ഷിണാഫ്രിക്ക. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 315 റൺസാണ് 6 വിക്കറ്റ് നേടിയത്.
ടോണി ഡി സോര്‍സിയെ തുടക്കത്തിൽ നഷ്ടമായ ശേഷം റയാന്‍ റിക്കൽടൺ – ടെംബ ബാവുമ കൂട്ടുകെട്ട് നേടിയ 129 റൺസ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ ഒരുക്കുവാനുള്ള അവസരം ഒരുക്കിയത്.
സോര്‍സിയെ വീഴ്ത്തിയ മൊഹമ്മദ് നബി തന്നെയാണ് ടെംബ ബാവുമയെ പുറത്താക്കിയത്. 58 റൺസായിരുന്നു ബാവുമയുടെ സ്കോര്‍. തന്റെ ശതകം പൂര്‍ത്തിയാക്കി അധികം വൈകാതെ റിക്കൽടൺ റണ്ണൗട്ട് രൂപത്തിൽ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക 201 റൺസായിരുന്നു നേടിയത്. 103 റൺസാണ് താരം സ്കോര്‍ ചെയ്തത്.
46 പന്തിൽ നിന്ന് 52 റൺസ് നേടി റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ ദക്ഷിണാഫ്രിക്കയുടെ സ്കോറിംഗിന് വേഗത നൽകിയപ്പോള്‍ അവസാന ഓവറുകളിൽ എയ്ഡന്‍ മാര്‍ക്രം അതിവേഗ സ്കോറിംഗുമായി തന്റെ അര്‍ദ്ധ ശതകവും ടീമിന്റെ സ്കോര്‍ 300 കടത്തുകയും ചെയ്തു. മാര്‍ക്രം 36 പന്തിൽ നിന്ന് 52 റൺസാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന രണ്ട് പന്തുകളിൽ നിന്ന് ബൗണ്ടറിയും സിക്സും നേടി വിയാന്‍ മുള്‍ഡര്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 315 റൺസിലെത്തിക്കുകയായിരുന്നു.