ദുബായിൽ ഇന്നലെ ഇന്ത്യയോട് ആറ് വിക്കറ്റിന് തോറ്റതോടെ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിന് യോഗ്യത നേടാനുള്ള പാകിസ്ഥാന്റെ സാധ്യതകൾ മങ്ങിയിരിക്കുകയാണ്. രണ്ട് മത്സരങ്ങളിൽ രണ്ട് തോൽവികളോടെ, ഗ്രൂപ്പ് എയിൽ അവർ അവസാന സ്ഥാനത്താണ്. ഇനി പാകിസ്താൻ സെമിയിൽ എത്തണമെങ്കിൽ ഒരു അത്ഭുതം തന്നെ നടക്കണം എന്ന് പറയാം.

ഒന്നിലധികം ഫലങ്ങൾ അവർക്ക് അനുകൂലമായി വരേണ്ടതുണ്ട്. ഫെബ്രുവരി 27 ന് ബംഗ്ലാദേശിനെതിരായ അവസാന മത്സരം ജയിക്കുക എന്നതാണ് ആദ്യം വേണ്ടത്. കൂടാതെ ന്യൂസിലൻഡും ബംഗ്ലാദേശും രണ്ടോ അതിലധികമോ വിജയങ്ങൾ നേടുകയുമരുത്.
ഫെബ്രുവരി 24 ന് ബംഗ്ലാദേശ് ന്യൂസിലൻഡിനെ തോൽപ്പിക്കുകയും പാകിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ, മാർച്ച് 2 ന് നടക്കുന്ന ന്യൂസിലൻഡ് ഇന്ത്യ പോരാട്ടം വരെ സെമി സ്ഥാനത്തെ കുറിച്ചുള്ള പ്രതീക്ഷ പാകിസ്താനുണ്ടാകും. ഇന്ത്യ ന്യൂസിലൻഡിനെ തോപ്പിക്കുകയും റൺ റേറ്റ് അനുകൂലമാവുകയും കൂടെ ചെയ്താൽ മാത്രമേ പാകിസ്താന് പ്രതീക്ഷിക്കാൻ ആകൂ.