ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ആധികാരിക വിജയവുമായി ന്യൂസിലാണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 236/9 എന്ന സ്കോറിലൊതുക്കിയ ശേഷം ന്യൂസിലാണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു. 46.1 ഓവറിൽ 240 റൺസാണ് ന്യൂസിലാണ്ട് നേടിയത്.
ആദ്യ ഓവറിൽ വിൽ യംഗിനെയും നാലാം ഓവറിൽ കെയിന്‍ വില്യംസണിനെയും നഷ്ടമായ ന്യൂസിലാണ്ട് 15/2 എന്ന നിലയിൽ പ്രതിരോധത്തിലായെങ്കിലും ഡെവൺ കോൺവേ – രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു.
മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 57 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ 30 റൺസ് നേടിയ ഡെവൺ കോൺവേയുടെ വിക്കറ്റ് ന്യൂസിലാണ്ടിന് നഷ്ടമായി. രച്ചിന്‍ രവീന്ദ്രയ്ക്കൊപ്പം ക്രീസിലെത്തിയ ടോം ലാഥം മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ന്യൂസിലാണ്ട് വിജയത്തിലേക്ക് അടുത്തു.
ലോകകപ്പ് അരങ്ങേറ്റത്തിൽ ശതകം നേടുകയെന്ന നേട്ടം കൈവരിച്ച രച്ചിന്‍ രവീന്ദ്ര ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറ്റത്തിലും ഈ നേട്ടം കൈവരിച്ചപ്പോള്‍ ടോം ലാഥം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.
നാലാം വിക്കറ്റിൽ രച്ചിന്‍ – ലാഥം കൂട്ടുകെട്ട് 129 റൺസാണ് നേടിയത്. 112 റൺസ് നേടിയ രച്ചിന്‍ രവീന്ദ്രയെ റിഷാദ് ഹൊസൈന്‍ ആണ് പുറത്താക്കിയത്. അധികം വൈകാതെ ടോം ലാഥവും റണ്ണൗട്ട് രൂപത്തിൽ പുറത്തായി. 55 റൺസായിരുന്നു താരം നേടിയത്. പിന്നീട് ഗ്ലെന്‍ ഫിലിപ്പ്സും മൈക്കൽ ബ്രേസ്വെല്ലും ചേര്‍ന്ന് ന്യൂസിലാണ്ടിനെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഫിലിപ്പ്സ് 21 റൺസും മൈക്കൽ ബ്രേസ്വെൽ 11 റൺസും നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.