ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ടോപ്പറെ അറിയുവാനുള്ള മത്സരത്തിൽ ഇന്ത്യയെ 249 റൺസിലൊതുക്കി ന്യൂസിലാണ്ട്. മുന്‍ നിര ബാറ്റ്സ്മാന്മാര് മടങ്ങിയ ശേഷം ശ്രേയസ്സ്, അക്സര്‍, ഹാര്‍ദ്ദിക് എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഇന്ത്യയുടെ 9 വിക്കറ്റ് നഷ്ടമായപ്പോള്‍ മാറ്റ് ഹെന്റി 5 വിക്കറ്റ് നേടി.
ടോപ് ഓര്‍ഡറിൽ പിടിച്ച് നിന്നത് ശ്രേയസ്സ് അയ്യര്‍ മാത്രമാണ്. ഗില്ലും രോഹിതും വിരാട് കോഹ്ലിയും പുറത്താകുമ്പോള്‍ 30/3 എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോള്‍ പിന്നീട് ശ്രേയസ്സ് അയ്യര്‍ – അക്സര്‍ പട്ടേൽ കൂട്ടുകെട്ടാണ് ടീമിനെ കരകയറ്റിയത്. കോഹ്ലിയെ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ഗ്ലെന്‍ ഫിലിപ്പ്സ് പിടിച്ചപ്പോള്‍ മാറ്റ് ഹെന്റി രോഹിത്തിന് ശേഷം മത്സരത്തിൽ നേടുന്ന രണ്ടാമത്തെ വിക്കറ്റായിരുന്നു ഇത്.
ശ്രേയസ്സും അക്സറും ചേര്‍ന്ന് 98 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. 42 റൺസ് നേടിയ അക്സര്‍ പട്ടേലിനെ രച്ചിന്‍ രവീന്ദ്ര പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്.
44 റൺസ് കെഎൽ രാഹുലുമായി ചേര്‍ത്ത ശേഷം 72 റൺസ് നേടിയ ശ്രേയസ്സ് അയ്യരെയാണ് ഇന്ത്യയ്ക്ക് അടുത്തതായി നഷ്ടമായത്. രാഹുലും പത്ത് റൺസ് കൂടി നേടുന്നതിനിടെ പുറത്തായപ്പോള്‍ ഇന്ത്യ 182/6 എന്ന നിലയിലായി.
അവസാന ഓവറുകളിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുക എന്ന ദൗത്യം എത്തിയത് ഹാര്‍ദ്ദിക് പാണ്ഡ്യ – രവീന്ദ്ര ജഡേജ കൂട്ടുകെട്ടിലാണ്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ നിര്‍ണ്ണായകമായ 41 റൺസ് നേടിയെങ്കിലും മാറ്റ് ഹെന്റി 16 റൺസ് നേടിയ രവീന്ദ്ര ജഡേജയെ പുറത്താക്കി.
47ാം ഓവറിലും 48ാം ഓവറിലും യഥാക്രമം വെറും 2 റൺസും 4 റൺസും മാത്രം ഇന്ത്യ നേടിയപ്പോള്‍ 49ാം രണ്ട് ഫോറും ഒരു സിക്സും അടക്കം ഹാര്‍ദ്ദിക് കളം നിറഞ്ഞപ്പോള്‍ ഓവറിൽ നിന്ന് 15 റൺസാണ് വന്നത്.
മാറ്റ് ഹെന്റിയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ ഹാര്‍ദ്ദിക് 45 റൺസാണ് നേടിയത്. മത്സരത്തിൽ നിന്ന് ന്യൂസിലാണ്ട് പേസര്‍ 5 വിക്കറ്റാണ് നേടിയത്.