ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഓസ്ട്രേലിയയ്ക്ക് നേടാനായത് 264 റൺസ്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി ഇന്ത്യ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ നിരയിൽ സ്റ്റീവന്‍ സ്മിത്ത്, അലക്സ് കാറെ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് മികച്ച് നിന്നത്. 49.3 ഓവറിൽ ഓസ്ട്രേലിയ ഓള്‍ഔട്ട് ആകുകയായിരുന്നു.
തുടക്കത്തിൽ തന്നെ കോപ്പര്‍ കൊന്നോലിയെ മൊഹമ്മദ് ഷമി പുറത്താക്കിയെങ്കിലും ട്രാവിസ് ഹെഡ് – സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. അപകടകരമായ കൂട്ടുകെട്ടിനെ തകര്‍ത്തത് ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തിലെ ഹീറോ വരുൺ ചക്രവര്‍ത്തിയായിരുന്നു.
33 പന്തിൽ 39 റൺസ് നേടിയ ട്രാവിസ് ഹെഡിനെ നഷ്ടമായപ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 50 റൺസാണ് നേടിയത്. ഹെഡ് പുറത്തായ ശേഷം സ്മിത്തിന് കൂട്ടായി എത്തിയ മാര്‍നസ് ലാബൂഷാനെയും റൺസ് കണ്ടെത്തിയപ്പോള്‍ ഓസ്ട്രേലിയ 100 കടന്നു.
46 റൺസ് നേടി മൂന്നാം വിക്കറ്റിൽ ഓസ്ട്രേലിയ നിലയുറപ്പിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് രവീന്ദ്ര ജഡേജ ലാബൂഷാനെയുടെ അന്തകനായി എത്തിയത്. 29 റൺസാണ് ലാബൂഷാനെ നേടിയത്.
അധികം വൈകാതെ ജോഷ് ഇംഗ്ലിസിനെയും ജഡേജ മടക്കിയയച്ചപ്പോള്‍ ഓസ്ട്രേലിയ 144/4 എന്ന നിലയിലായിരുന്നു. 54 റൺസ് സ്റ്റീവ് സ്മിത്തും അലക്സ് കാറെയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയപ്പോള്‍ 73 റൺസ് നേടിയ സ്മിത്തിനെ ഷമിയാണ് പുറത്താക്കിയത്. മാക്സ്വെല്ലിനെ തൊട്ടടുത്ത ഓവറിൽ അക്സര്‍ പട്ടേൽ പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ 205/6 എന്ന നിലയിലായിരുന്നു.
അലക്സ് കാറെ തന്റെ അര്‍ദ്ധ ശതകം തികച്ച് അവസാന ഓവറുകളിൽ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ശ്രേയസ്സ് അയ്യര്‍ മികച്ചൊരു ഡയറക്ട് ഹിറ്റിലൂടെ താരത്തെ പവലിയനിലേക്ക് മടക്കിയയ്ച്ചത്. 57 പന്തിൽ നിന്ന് 61 റൺസായിരുന്നു കാറെ നേടിയത്.