വനിതകൾക്കുള്ള ചലഞ്ചർ ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിനുള്ള ടീമുകളിൽ സ്ഥാനം പിടിച്ച് മൂന്ന് കേരള താരങ്ങൾ. മിന്നു മണി, ജോഷിത വി ജെ, അരുന്ധതി റെഡ്ഡി എന്നിവരാണ് ടീമുകളിൽ സ്ഥാനം നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളെ എ,ബി,സി,ഡി എന്നീ നാല് ടീമുകളായി തിരിച്ചുള്ള ടൂർണ്ണമെൻ്റിൽ ദേശീയ സീനിയർ ടീമിലെ താരങ്ങളും ഉണ്ട്. ഇതിൽ എ ടീമിൻ്റെ ക്യാപ്റ്റൻ മിന്നു മണിയും വൈസ് ക്യാപ്റ്റൻ അരുന്ധതി റെഡ്ഡിയുമാണ്. സി ടീമിലാണ് ജോഷിതയെ ഉൾപ്പെടുത്തിയിട്ടുള്ളത്.
മാർച്ച് 25 മുതൽ ഏപ്രിൽ എട്ട് വരെ രണ്ട് വേദികളിലായി ഡെറാഡൂണിലാണ് മല്സരങ്ങൾ നടക്കുക. ത്രിദിന ഫോർമാറ്റിലാണ് മല്സരങ്ങൾ. ഇന്ത്യയുടെ സീനിയർ ഏകദിന , ട്വൻ്റി 20 ടീമുകളിൽ സ്ഥിര സാന്നിധ്യമായ മിന്നു മണി വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമംഗം കൂടിയാണ്. അടുത്തിടെ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗമായിരുന്ന ജോഷിത ഒരു മല്സരത്തിൽ മാൻ ഓഫ് ദി മാച്ചായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വനിതാ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമംഗമാണ്. ഇരുവരും വയനാട് സ്വദേശികളാണ്. കേരളത്തിനായി കളിച്ചിട്ടുള്ള അരുന്ധതി റെഡ്ഡി ഇന്ത്യയുടെ വനിതാ ടെസ്റ്റ്, ഏകദിന, ട്വൻ്റി 20 ടീമുകളിൽ സ്ഥാനം പിടിച്ചിട്ടുള്ള താരമാണ്.