ഉണ്ണിമോന്‍ സാബുവിന് 95 റൺസ്, 59 റൺസ് വിജയം നേടി യംഗ്സ്റ്റേഴ്സ് സിസി ചങ്ങനാശ്ശേരി

Sports Correspondent

ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെ സെലസ്റ്റിയൽ ട്രോഫി ടൂര്‍ണ്ണമെന്റിൽ പരാജയപ്പെടുത്തി യംഗ്സ്റ്റേഴ്സ് സിസി ചങ്ങനാശ്ശേരി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത യംഗ്സ്റ്റേഴ്സ് 247/5 എന്ന സ്കോറാണ് 30 ഓവറിൽ നേടിയത്. 74 പന്തിൽ 95 റൺസ് നേടിയ ഉണ്ണിമോന്‍ സാബുവിനൊപ്പം കെഅര്‍ വിനീത്(64), വിജിലാൽ(22 പന്തിൽ 45) എന്നിവരുടെ ബാറ്റിംഗ് മികവാണ് യംഗ്സ്റ്റേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

Unnimonsabu

മറുപടി ബാറ്റിംഗിനിറങ്ങിയ ടിസിയുവിന് 28.3 ഓവറിൽ 188 റൺസ് മാത്രമേ നേടാനായുള്ളു. കഴി‍ഞ്ഞ രണ്ട് മത്സരങ്ങളിലും ടീമിനായി ബാറ്റിംഗിൽ തിളങ്ങിയ വിശ്വജിത്ത് ബാഹുലേയന്‍ നാല് റൺസ് നേടി മടങ്ങിയത് ടിസിയുവിന് വലിയ തിരിച്ചടിയായി.

പത്താം വിക്കറ്റിൽ ക്രീസിലെത്തി 39 റൺസ് നേടിയ വിഷ്ണു അനിൽ ആണ് ടിസിയുവിന്റെ ടോപ് സ്കോറര്‍. 107/9 എന്ന നിലയിലേക്ക് തകര്‍ന്ന ടിസിയുവിനെ വലിയ തോൽവിയിൽ നിന്ന് രക്ഷിച്ചത് പത്താം വിക്കറ്റ് കൂട്ടുകെട്ടാണ്. വിഷ്ണുവും – അരുണും(34*) ചേര്‍ന്ന് 81 റൺസാണ് പത്താം വിക്കറ്റിൽ കൂട്ടിചേര്‍ത്തത്. ആഷിഫ് അഹമ്മദ് 32 റൺസ് നേടി.

യംഗ്സ്റ്റേഴ്സിനായി കൃഷ്ണ പ്രസാദ്, അനന്ദു ശശിധരന്‍, ഉണ്ണിമോന്‍ സാബു, കെആര്‍ വിനീത് എന്നിവര്‍ രണ്ട് വീതം വിക്കറ്റാണ് നേടിയത്.