സെലെസ്റ്റിയൽ ട്രോഫിയുടെ ഇന്നത്തെ മത്സരത്തിൽ ഫ്രണ്ട്സ് സിസിയ്ക്കെതിരെ മികച്ച വിജയവുമായി തൃപ്പൂണിത്തുറ സിസി ബി ടീം. ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ സിസി ബി ടീമിന് നേടാനായത് 149 റൺസ് മാത്രമാണെങ്കിലും എതിരാളികളെ 102 റൺസിന് എറിഞ്ഞിട്ട് 47 റൺസിന്റെ വിജയം ആണ് ടീം നേടിയത്.
രോഹന്‍ എന്‍ നായര്‍ പുറത്താകാതെ നേടിയ 72 റൺസിന്റെ ബലത്തിലാണ് തൃപ്പൂണിത്തുറ സിസി ബി ടീം 149/9 എന്ന സ്കോറിലേക്ക് 28 ഓവറിലെത്തുന്നത്. ഇഷാന്‍ കുനാൽ 25 റൺസ് നേടിയപ്പോള്‍ എക്സ്ട്രാസ് ഇനത്തിൽ 21 റൺസ് ലഭിച്ചു. ഫ്രണ്ട്സിന് വേണ്ടി താഹിര്‍, അനുഷ് ജി പ്രദീപ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഫ്രണ്ട്സ് നിരയിൽ 36 റൺസ് നേടിയ ശ്രീഹരി ശ്രീജിത്ത് മാത്രമാണ് പൊരുതി നിന്നത്. മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ സംഭാവന നൽകുവാനാകാതെ പോയപ്പോള്‍ 21.1 ഓവറിലാണ് ഫ്രണ്ട്സ് ഓള്‍ഔട്ട് ആയത്.
തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി ഇആര്‍ രഞ്ജിത്ത് മൂന്നും ഇഷാന്‍ കുനാൽ 2 വിക്കറ്റും നേടി. രോഹന്‍ നായര്‍ ആണ് കളിയിലെ താരം.