സെലസ്റ്റിയല്‍ ട്രോഫിയുടെ ആദ്യ ഘട്ടത്തിലെ രണ്ടാം സെമിയില്‍ വിജയം കരസ്ഥമാക്കി പ്രതിഭ സിസി. സ്വാന്റണ്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 25 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമേ നേടിയുള്ളുവെങ്കിലും എതിരാളികളെ 21.2 ഓവറില്‍ 102 റണ്‍സിന് പുറത്താക്കി 34 റണ്‍സിന്റെ വിജയവുമായി ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. ഫൈനലില്‍ എസ്ബിഐ എ ടീം ആണ് പ്രതിഭയുടെ എതിരാളികള്‍.
അമീര്‍ സീഷന്‍ കഴിഞ്ഞ മത്സരത്തിലെ പോലെ ഈ മത്സരത്തിലും തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ സീഷന് ലഭിച്ചില്ല. 51 റണ്‍സ് നേടിയ താരം റണ്ണൗട്ടായതോടെ ടീമിന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു. ഫര്‍ദീന്‍ റഫീക്ക് 21 റണ്‍സ് നേടി. പ്രതിഭയ്ക്കായി ഷറഫുദ്ദീന്‍ നാലും മിഥുന്‍ 3 വിക്കറ്റും നേടിയാണ് സ്വാന്റണ്‍സിനെ തളച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പ്രതിഭയ്ക്കായി ശ്രീനാഥ് 32 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. രഞ്ജിത്ത്(29), വിഷ്ണു വിനോദ്(24), ഷറഫുദ്ദീന്‍(22) എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. സ്വാന്റണ്‍സിന് വേണ്ടി ഹരികൃഷ്ണനും ഷഹിന്‍ഷായും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ റിബിന്‍ വര്‍ഗ്ഗീസിന് രണ്ട് വിക്കറ്റ് ലഭിച്ചു.