മാസ്റ്റേഴ്സിന് രണ്ടാം ജയം സമ്മാനിച്ച് വിഷ്ണു രാജിന്റെ ശതകം

സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍സ് റൗണ്ടിൽ തങ്ങളുടെ രണ്ടാം വിജയം കരസ്ഥമാക്കി മാസ്റ്റേഴ്സ് സിസി. ഇന്ന് നടന്ന മത്സരത്തിൽ ആത്രേയ സിസിയ്ക്കെതിരെ 9 വിക്കറ്റ് വിജയം ആണ് മാസ്റ്റേഴ്സ് കരസ്ഥമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ആത്രേയ 28 ഓവറിൽ 183/8 എന്ന സ്കോറാണ് നേടിയത്. ആകര്‍ഷ്(37), റിയ ബഷീര്‍(29) എന്നിവര്‍ ആണ് ആത്രേയയുടെ പ്രധാന സ്കോറര്‍മാര്‍. മാസ്റ്റേഴ്സിനായി വിനൂപ് മൂന്നും വിനോദ് കുമാര്‍ രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മാസ്റ്റേഴ്സ് 20.1 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടുകയായിരുന്നു. വിഷ്ണു രാജ് 64 പന്തിൽ 100 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ എസ്എം വിനൂപ് 33 പന്തിൽ 60 റൺസ് നേടി പുറത്തായി.  110 റൺസാണ് ഈ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്.

തുടര്‍ന്ന് വിഷ്ണു രാജും ഹെര്‍മിയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 74 റൺസ് കൂട്ടിചേര്‍ത്തു. ഹെര്‍മി 21 റൺസുമായി പുറത്താകാതെ നിന്നു. വിഷ്ണു രാജ് ആണ് കളിയിലെ താരം.

43 റൺസ് വിജയം നേടി മുത്തൂറ്റ് മൈക്രോഫിന്‍, പരാജയപ്പെടുത്തിയ് തൃപ്പൂണിത്തുറ സിസിയെ

സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍സ് റൗണ്ട് പുരോഗമിക്കുമ്പോള്‍ മുത്തൂറ്റ് മൈക്രോഫിനിന് മികച്ച വിജയം. തൃപ്പൂണി്ത്തുറ സിസിയ്ക്കെതിരെ 43 റൺസിന്റെ വിജയം ആണ് ഇന്ന് മുത്തൂറ്റ് മൈക്രോഫിന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് മൈക്രോഫിന്‍ 233/9 എന്ന സ്കോര്‍ 30 ഓവറിൽ നേടിയപ്പോള്‍ തൃപ്പൂണിത്തുറ സിസി 29.5 ഓവറിൽ 190 റൺസിന് ഓള്‍ഔട്ട് ആയി.

70 റൺസ് നേടിയ അജനാസും 38 റൺസ് നേടി സഞ്ജയ് രാജും മുത്തൂറ്റ് മൈക്രോഫിനിനായി തിളങ്ങിയപ്പോള്‍ ആകാശ് സി പിള്ള 13 പന്തിൽ 36 റൺസ് നേടി. തൃപ്പൂണിത്തുറ സിസിയ്ക്കായി ജോസ് പേരയിൽ നാലും സൂരജ്, ആദി അഭിലാഷ് എന്നിവര്‍ 2 വിക്കറ്റും നേടി.

തൃപ്പൂണിത്തുറ സിസിയ്ക്കായി ആദി അഭിലാഷ് 51 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 41 റൺസ് നേടിയ ഹരികൃഷ്ണന്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. സൂരജ് 22 റൺസും സുബിന്‍ സുരേഷ് 21 റൺസും നേടി. 2 വിക്കറ്റ് വീതം നേടി മുത്തൂറ്റിന്റെ അനൂപ്, ബാലു ബാബു, നിഖിൽ, ഹരികൃഷ്ണന്‍, ജെറിന്‍ എന്നിവര്‍ വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

അജനാസ് ആണ് കളിയിലെ താരം.

പുറത്താകാതെ 126 റൺസുമായി അരുൺ, ആത്രേയയ്ക്കെതിരെ 3 വിക്കറ്റ് വിജയവുമായി പ്രതിഭ സിസി

സെലെസ്റ്റിയൽ ട്രോഫിയിലെ ആവേശകരമായ മത്സരത്തിൽ ആത്രേയ സിസിയെ പരാജയപ്പെടുത്തി പ്രതിഭ സിസി. ചാമ്പ്യന്‍സ് റൗണ്ടിലെ ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആത്രേയ 27 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടിയപ്പോള്‍ പ്രതിഭ സിസി 26.2 ഓവറിൽ 217/7 എന്ന സ്കോര്‍ നേടിയാണ് 3 വിക്കറ്റ് വിജയം കുറിച്ചത്. കെഎ അരുൺ നേടിയ 126 റൺസ് ആണ് പ്രതിഭയുടെ വിജയം ഒരുക്കിയത്. അരുൺ ആണ് കളിയിലെ താരം.

റിയ ബഷീറും ആകര്‍ഷും ചേര്‍ന്ന് നൽകിയ മികച്ച തുടക്കം ആത്രേയയ്ക്ക് ഒന്നാം വിക്കറ്റിൽ 156 റൺസ് നൽകിയെങ്കിലും ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ ടീമിന് നഷ്ടമായി. ആകര്‍ഷ് 77 റൺസും റിയ ബഷീര്‍ 75 റൺസും നേടിയപ്പോള്‍ ഷാരോൺ 18 റൺസ് നേടി. പ്രതിഭയ്ക്കായി അജിന്‍ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പ്രതിഭ സിസിയ്ക്കെതിരെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുമായി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ആത്രേയയ്ക്കായെങ്കിലും ഒരു വശത്ത് നിലയുറപ്പിച്ച കെഎ അരുൺ പ്രതിഭ സിസിയുടെ വിജയം ഉറപ്പാക്കി. ആൽബിന്‍ 27 റൺസും എന്‍എം ഷറഫുദ്ദീന്‍ 21 റൺസും നേടി അരുണിന് മികച്ച പിന്തുണ നൽകി.

ആൽബിനുമായി മൂന്നാം വിക്കറ്റിൽ 48 റൺസിന്റെയും ഷറഫുദ്ദീനുമായി ആറാം വിക്കറ്റിൽ 39 റൺസിന്റെയും കൂട്ടുകെട്ട് അരുൺ നേടിയെങ്കിലും പ്രതിഭ ഒരു ഘട്ടത്തിൽ 190/7 എന്ന നിലയിലായിരുന്നു.

അവിടെ നിന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ 27 റൺസ് എട്ടാം വിക്കറ്റിൽ നേടി അരുൺ പ്രതിഭയുടെ വിജയം ഉറപ്പാക്കിയപ്പോള്‍ മിഥുന്‍ മൂന്ന് പന്തിൽ നിന്ന് 1 റൺസുമായി പുറത്താകാതെ നിന്നു. ആത്രേയയ്ക്ക് വേണ്ടി അര്‍ജ്ജുന്‍ വേണുഗോപാൽ, മൊഹമ്മദ് ഇനാന്‍, അതിഫ് ബിന്‍ അഷ്റഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സിജോമോന്‍ ജോസഫിന്റെ മികവിൽ ഏരീസിനെ പരാജയപ്പെടുത്തി മാസ്റ്റേഴ്സ് സിസി

സെലെസ്റ്റിയൽ ട്രോഫിയിൽ ഏരീസ് പട്ടൗഡിയ്ക്കെതിരെ വിജയം കുറിച്ച് മാസ്റ്റേഴ്സ് സിസി. ഇന്ന് നടന്ന ചാമ്പ്യന്‍സ് റൗണ്ട് മത്സരത്തിൽ ടോസ് നേടി മാസ്റ്റേഴ്സ് സിസി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏരീസിനെ 126 റൺസിന് മാസ്റ്റേഴ്സ് എറിഞ്ഞിട്ടപ്പോള്‍ സിജോമോന്‍ ജോസഫ് 4 വിക്കറ്റും അനുരാജ് 2 വിക്കറ്റും നേടി. 26 ഓവര്‍ ആണ് ഏരീസിന്റെ ഇന്നിംഗ്സ് നീണ്ട് നിന്നത്. ഏരീസിനായി അമൽ 43 റൺസും രാഹുല്‍ ശര്‍മ്മ 37 റൺസും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മാസ്റ്റേഴ്സിനായി 33 പന്തിൽ 47 റൺസ് നേടി വിഷ്ണു രാജ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സിജോമോന്‍ ജോസഫ് 31 റൺസ് നേടി പുറത്താകാതെ നിന്നു. 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് മാസ്റ്റേഴ്സ് 24.2 ഓവറിൽ നേടിയത്.ഏരീസിനായി രാഹുല്‍ ശര്‍മ്മയും ബദറുദ്ദീനും 2 വീതം വിക്കറ്റും നേടി.

സിജമോന്‍ ജോസഫ് ആണ് കളിയിലെ താരം.

സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍സ് റൗണ്ടിൽ എത്തി ഏരീസ് പട്ടൗഡിയും മുത്തൂറ്റ് മൈക്രോഫിനും

സെലെസ്റ്റിയൽ ട്രോഫിയിൽ ഇനി ചാമ്പ്യന്‍സ് റൗണ്ട്. മാര്‍ച്ച് 25ന് ആരംഭിയ്ക്കുന്ന ചാമ്പ്യന്‍സ് റൗണ്ടിൽ നേരത്തെ സീഡിംഗ് ലഭിച്ച 6 ടീമുകള്‍ക്കൊപ്പം യോഗ്യത റൗണ്ട് ജയിച്ചെത്തിയ മുത്തൂറ്റ് മൈക്രോഫിനും ഏരീസ് പട്ടൗഡി സിസയും എത്തുകയായിരുന്നു.

ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്, തൃപ്പൂണിത്തുറ സിസി, സ്വാന്റൺസ് സിസി, അത്രേയ സിസി, മാസ്റ്റേഴ്സ് സിസി, പ്രതിഭ സിസി എന്നിവരാണ് നേരിട്ട് സീഡിംഗ് ലഭിച്ച ആറ് ടീമുകള്‍.

ഇന്നലെ നടന്ന അവസാന യോഗ്യത റൗണ്ടിൽ ഏരീസ് പട്ടൗഡി ജോളി റോവേഴ്സിനെയും മുത്തൂറ്റ് മൈക്രോഫിന്‍ ലിറ്റിൽ മാസ്റ്റേഴ്സിനെയും പരാജയപ്പെടുത്തയാണ് ചാമ്പ്യന്‍സ് റൗണ്ടിലേക്ക് യോഗ്യത നേടിയത്. മംഗലപുരം, സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

സെമി ഫൈനൽ മത്സരങ്ങള്‍ 29 മാര്‍ച്ചിനും ഫൈനൽ മാര്‍ച്ച് 30ന് സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടിലും നടക്കും.

ബാറ്റിംഗിൽ 43 റൺസ്, ബൗളിംഗിൽ 5 വിക്കറ്റ്, ബാലു ബാബുവിന്റെ മികവിൽ മുത്തൂറ്റ് മൈക്രോഫിനിന് മികച്ച വിജയം

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ മികച്ച വിജയം നേടി മുത്തൂറ്റ് മൈക്രോഫിന്‍. 60 റൺസിന്റെ വിജയം ആണ് ലിറ്റിൽ മാസ്റ്റേഴ്സിനെതിരെ മുത്തൂറ്റ് മൈക്രോഫിന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് 170 റൺസിന് 27 ഓവറിൽ ഓള്‍ഔട്ട് ആയപ്പോള്‍ ലിറ്റിൽ മാസ്റ്റേഴ്സ് 26 ഓവറിൽ 110 റൺസിന് പുറത്തായി.

ഒരു ഘട്ടത്തിൽ 58/5 എന്ന നിലയിലേക്ക് വീണ മുത്തൂറ്റ് മൈക്രോഫിനിനെ തിരികെ മത്സരത്തിലേക്ക് എത്തിച്ചത് ബാലു ബാബു നേടിയ രണ്ട് നിര്‍ണ്ണായക കൂട്ടുകെട്ടുകളാണ്. നിഖിലിനൊപ്പം 44 റൺസ് ആറാം വിക്കറ്റിലും ജെറിനൊപ്പം എട്ടാം വിക്കറ്റിൽ 39 റൺസുമാണ് താരം കൂട്ടിചേര്‍ത്തത്. ബാലു ബാബു 43 റൺസ് നേടി പുറത്തായപ്പോള്‍ ജെറിന്‍ 33 റൺസുമായി പുറത്താകാതെ നിന്നു. നിഖിൽ 29 റൺസ് നേടി.  ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി അബ്ദുള്‍ റമീസും ശ്രീവര്‍ദ്ധന്‍ മുരളിയും മൂന്ന് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സിന്റെ ടോപ് സ്കോറര്‍ 23 റൺസ് നേടിയ അനന്തകൃഷ്ണന്‍ ആയിരുന്നു. ബാലു ബാബു 5 വിക്കറ്റ് നേടി മുത്തൂറ്റ് നിരയിൽ തിളങ്ങി. ബാലു ആണ് കളിയിലെ താരം.

അതുൽജിത്തിനും രാഹുല്‍ ശര്‍മ്മയ്ക്കും ശതകം, കൂറ്റന്‍ ജയം നേടി ഏരീസ് പട്ടൗഡി സിസി

സെലെസെറ്റിയൽ ട്രോഫിയിൽ മികച്ച വിജയം തുടര്‍ന്ന് ഏരീസ് പട്ടൗഡി സിസി. ഇന്ന് ജോളി റോവേഴ്സ് സിസിയ്ക്കെതിരെ 99 റൺസ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഏരീസ് പട്ടൗഡി 245/3 എന്ന കൂറ്റന്‍ സ്കോറാണ് 26 ഓവറിൽ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ജോളി റോവേഴ്സ് 19.2 ഓവറിൽ 146 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

രാഹുല്‍ ശര്‍മ്മയുടെയും (64 പന്തിൽ 109 റൺസ്) അതുൽജിത്തിന്റെയും (80 പന്തിൽ പുറത്താകാതെ 100 റൺസ്) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഏരീസിനെ 245 റൺസിലേക്ക് എത്തിച്ചത്. ജോളി റോവേഴ്സിനായി ബൗളിംഗിൽ സിബിന്‍ പി ശിരീഷ് 2 വിക്കറ്റ് നേടി.

31 റൺസുമായി സിബിന്‍ തന്നെയാണ് ജോളി റോവേഴ്സ് ബാറ്റിംഗിൽ തിളങ്ങിയത്. അരുൺ പ്രദീപ്, കൃഷ്ണനാരായൺ എന്നിവര്‍ 25 റൺസും കമിൽ അബൂബക്കര്‍ 20 റൺസും നേടിയപ്പോള്‍ ജോളി റോവേഴ്സിന് മത്സരത്തിലൊരുഘട്ടത്തിലും ഏരീസിനെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ സാധിച്ചിരുന്നില്ല. ഏരീസിനായി അജു പൗലോസ് നാലും ബദറുദ്ദീന്‍ മൂന്നും അജയ്ഘോഷ് 2 വിക്കറ്റും നേടി.

ഏരീസ് പട്ടൗഡി സിസിയുടെ രാഹുല്‍ ശര്‍മ്മയാണ് കളിയിലെ താരം.

ബികെ55 73 റൺസിന് ഓള്‍ഔട്ട്, അനായാസ വിജയവുമായി ലിറ്റിൽ മാസ്റ്റേഴ്സ് സിസി

ബികെ 55യ്ക്കെതിരെ 6 വിക്കറ്റ് വിജയം കുറിച്ച് ലിറ്റിൽ മാസ്റ്റേഴ്സ് സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബികെ55 വെറും 73 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ലിറ്റിൽ മാസ്റ്റേഴ്സിനായി വിനയ് വര്‍ഗീസ് 3 വിക്കറ്റ് നേട്ടം ആഘോഷിച്ചു. ശ്രീധരന്‍ മുരളിയും ഇമ്രാന്‍ അഹമ്മദും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വെറും 15.1 ഓവര്‍ മാത്രമാണ് ബികെ55യുടെ ഇന്നിംഗ്സ് നീണ്ട് നിന്നത്. 40 റൺസ് നേടിയ അര്‍ജ്ജുന്‍ സുരേഷ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

9.3 ഓവറിൽ 74 റൺസ് നേടി ലിറ്റിൽ മാസ്റ്റേഴ്സ് വിജയം കുറിയ്ക്കുമ്പോള്‍ 24 റൺസ് നേടിയ അതുൽ ഡയമണ്ട് സൗരി ആണ് ടീമിന്റെ ടോപ് സ്കോറര്‍. ബികെ55 ബൗളിംഗിൽ ഷബിന്‍ഷാദ് മൂന്ന് വിക്കറ്റ് നേടി. തന്റെ ബൗളിംഗ് മികവിന് ലിറ്റിൽ മാസ്റ്റേഴ്സിന്റെ വിനയ് വര്‍ഗീസ് ആണ് കളിയിലെ താരം.

അതുൽജിത്ത് 81 നോട്ട്ഔട്ട്!!! മുരുഗന്‍ സിസി ബി ടീമിനെതിരെ 5 വിക്കറ്റ് വിജയവുമായി ഏരീസ് പട്ടൗഡി സിസി

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് വെള്ളയാണി കാര്‍ഷിക കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏരീസ് പട്ടൗഡി സിസിയ്ക്ക് വിജയം. മുരുഗന്‍ സിസി ബി ടീമിനെതിരെ ആണ് ഏരീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസി ബി 197/8 എന്ന സ്കോര്‍ 30 ഓവറിൽ നേടിയപ്പോള്‍ 21.3 ഓവറിലാണ് ഏരീസ് പട്ടൗഡി വിജയം 5 വിക്കറ്റ് നഷ്ടത്തിൽ കുറിച്ചത്.

മുരുഗന്‍ സിസിയ്ക്കായി സിയാദ് സഫര്‍ 48 റൺസും ശ്രീജിത്ത് ഡി നായര്‍ 40 റൺസും നേടിയപ്പോള്‍ ഏരീസ് പട്ടൗഡിയ്ക്കായി അജയ്ഘോഷും വിഷ്ണുകുമാറും 2 വീതം വിക്കറ്റ് നേടി.

ഏരീസിനായി പുറത്താകാതെ 81 റൺസ് നേടിയ അതുൽജിത്ത് ആണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. താരത്തിനൊപ്പം 38 റൺസുമായി ഷോൺ പച്ചയും 36 റൺസ് നേടി രാഹുല്‍ ശര്‍മ്മയും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. അതുൽജിത്ത് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുരുഗന്‍ സിസിയ്ക്കായി വിജയ് എസ് വിശ്വനാഥ്, ശ്രീരാഗ് അജയ് എന്നിവര്‍ 2 വിക്കറ്റ് നേടി.

അദിത് അശോകിന് 6 വിക്കറ്റ്!!! രഞ്ജി സിസിയെ പരാജയപ്പെടുത്തി ജോളി റോവേഴ്സ് ക്രിക്കറ്റ് ക്ലബ്

സെലെസ്റ്റിയൽ ട്രോഫിയിൽ രഞ്ജി സിസിയെ പരാജയപ്പെടുത്തി ജോളി റോവേഴ്സ് സിസി. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ജോളി റോവേഴ്സ് 234/8 എന്ന സ്കോറാണ് 27 ഓവറിൽ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ രഞ്ജി സിസിയ്ക്ക് 21.4 ഓവറിൽ 194 റൺസ് മാത്രമേ നേടാനായുള്ളു. 40 റൺസിന്റെ വിജയം ആണ് ജോളി റോവേഴ്സ് നേടിയത്.

ജോളി റോവേഴ്സിനായി കമിൽ അബൂബക്കര്‍ 33 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സിബിന്‍ പി ഗിരീഷ് 29 പന്തിൽ 54 റൺസ് നേടി മികച്ച പ്രകടനം നടത്തി. 42 റൺസ് നേടിയ കൃഷ്ണനാരായണന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. രഞ്ജി സിസിയ്ക്കായി രാഹുല്‍ എസ് നായര്‍ മൂന്നും ജോൺസൺ അര്‍ജ്ജുന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

രഞ്ജി സിസിയ്ക്കായി ഗോ‍ഡ്സൺ 51 പന്തിൽ 86 റൺസ് നേടിയപ്പോള്‍ 47 റൺസ് നേടിയ ആദിൽ ആസാദിനെ മാറ്റി നിര്‍ത്തിയാൽ ആരും മികച്ചൊരു ഇന്നിംഗ്സ് പുറത്തെടുക്കാത്തതാണ് ടീമിന് തിരിച്ചടിയായത്. ജോളി റോവേഴ്സിന് വേണ്ടി അദിത് അശോക് ആറ് വിക്കറ്റ് നേടി. അദിത് ആണ് കളിയിലെ താരം.

അഞ്ച് വിക്കറ്റ് നേട്ടവുമായി ജോൺസൺ, 131 റൺസിന്റെ കൂറ്റന്‍ ജയം നേടി രഞ്ജി സിസി

സെലെസ്റ്റിയൽ ട്രോഫിയിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ 131 റൺസിന്റെ കൂറ്റന്‍ വിജയം നേടി രഞ്ജി സിസി. ഇതള്‍ വടക്കാഞ്ചേരിയ്ക്കെതിരെയാണ് രഞ്ജിയുടെ ഈ മികച്ച വിജയം.

ആദ്യം ബാറ്റ് ചെയ്ത രഞ്ജി സിസി 24.3 ഓവറിൽ 189 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇതള്‍ വടക്കാഞ്ചേരിയെ വെറും 58 റൺസിനാണ് രഞ്ജി സിസി എറിഞ്ഞിട്ടത്. ജോൺസൺ 5 വിക്കറ്റ് നേട്ടവുമായി തിളങ്ങിയപ്പോള്‍ 11.2 ഓവര്‍ മാത്രമാണ് ഇതള്‍ സിസിയുടെ ഇന്നിംഗ്സ് നീണ്ടത്. 21 റൺസ് നേടിയ അഭിഷേക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. രഞ്ജി സിസിയ്ക്കായി എബിന്‍ ആന്റോണിയോ ജോസ് രണ്ട് വിക്കറ്റ് നേടി. ജോൺസൺ ആണ് കളിയിലെ താരം.

നേരത്തെ രഞ്ജി സിസിയ്ക്കായി ബാറ്റിംഗിൽ അക്ഷയ് ശിവ 60 റൺസും അഭയ് 31 റൺസും നേടി. ഇതളിനായി ശംഭു നാലും സൗരവ് 3 വിക്കറ്റും നേടി.

10 റൺസ് വിജയം നേടി മുത്തൂറ്റ് മൈക്രോഫിന്‍

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ മത്സരത്തിൽ സസ്സെക്സിനെതിരെ 10 റൺസിന്റെ വിജയം നേടി മുത്തൂറ്റ് മൈക്രോഫിന്‍. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് മൈക്രോഫിന്‍ 28.4 ഓവറിൽ 122 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ സസ്സെക്സ് ക്രിക്കറ്റ് ക്ലബ് 29.3 ഓവറിൽ 112 റൺസിന് പുറത്തായി.

മുത്തൂറ്റ് മൈക്രോഫിനിന് വേണ്ടി അനുജ് ജോടിന്‍ 49 റൺസും ഹരികൃഷ്ണന്‍ 34 റൺസും നേടിയപ്പോള്‍ സസ്സെക്സിനായി ബൗളിംഗിൽ ആദിത്യ വിനോദും മുഹമ്മദ് കൈഫും 3 വീതം വിക്കറ്റ് നേടി. 39/5 എന്ന നിലയിലായിരുന്ന മുത്തൂറ്റ് മൈക്രോഫിനിനെ ആറാം വിക്കറ്റിൽ അനുജ് – ഹരികൃഷ്ണന്‍ കൂട്ടുകെട്ട് 55 റൺസ് കൂട്ടി ചേര്‍ത്ത് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഹരികൃഷ്ണന്‍ പുറത്തായ ശേഷം വാലറ്റത്തോടൊപ്പം നിര്‍ണ്ണായക റണ്ണുകള്‍ കൂട്ടിചേര്‍ത്ത അനുജ് അവസാന വിക്കറ്റായാണ് പുറത്തായത്.

സസ്സെക്സിനായി ആദിത്യ വിനോദ് 41 റൺസും അഭിഷേക് 31 റൺസും നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ ഇവര്‍ക്കായില്ല. ഇബ്നുള്‍ അൽത്താഫ് 4 വിക്കറ്റും അനൂപ് 3 വിക്കറ്റും നേടിയാണ് മുത്തൂറ്റ് മൈക്രോഫിനിന്റെ വിജയം ഉറപ്പാക്കിയത്.

ഒരു ഘട്ടത്തിൽ 8/5 എന്ന നിലയിലായിരുന്ന സസ്സെക്സിനെ ആദിത്യ – അഭിഷേക് കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ 67 റൺസ് നേടി തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നുവെങ്കിലും ആദിത്യ വിനോദിനെ ടീമിന് ആദ്യം നഷ്ടമായി. അഭിഷേക് പുറത്താകുമ്പോള്‍ 12 റൺസായിരുന്നു ജയത്തിനായി സസ്സെക്സ് നേടേണ്ടിയിരുന്നത്.എന്നാൽ 111/7 എന്ന നിലയിൽ നിന്ന് സസ്സെക്സ് 112 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

അനുജ് ജോടിന്‍ ആണ് കളിയിലെ താരം.

Exit mobile version