Jollyrovers

അദിത് അശോകിന് 6 വിക്കറ്റ്!!! രഞ്ജി സിസിയെ പരാജയപ്പെടുത്തി ജോളി റോവേഴ്സ് ക്രിക്കറ്റ് ക്ലബ്

സെലെസ്റ്റിയൽ ട്രോഫിയിൽ രഞ്ജി സിസിയെ പരാജയപ്പെടുത്തി ജോളി റോവേഴ്സ് സിസി. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ജോളി റോവേഴ്സ് 234/8 എന്ന സ്കോറാണ് 27 ഓവറിൽ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ രഞ്ജി സിസിയ്ക്ക് 21.4 ഓവറിൽ 194 റൺസ് മാത്രമേ നേടാനായുള്ളു. 40 റൺസിന്റെ വിജയം ആണ് ജോളി റോവേഴ്സ് നേടിയത്.

ജോളി റോവേഴ്സിനായി കമിൽ അബൂബക്കര്‍ 33 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സിബിന്‍ പി ഗിരീഷ് 29 പന്തിൽ 54 റൺസ് നേടി മികച്ച പ്രകടനം നടത്തി. 42 റൺസ് നേടിയ കൃഷ്ണനാരായണന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. രഞ്ജി സിസിയ്ക്കായി രാഹുല്‍ എസ് നായര്‍ മൂന്നും ജോൺസൺ അര്‍ജ്ജുന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

രഞ്ജി സിസിയ്ക്കായി ഗോ‍ഡ്സൺ 51 പന്തിൽ 86 റൺസ് നേടിയപ്പോള്‍ 47 റൺസ് നേടിയ ആദിൽ ആസാദിനെ മാറ്റി നിര്‍ത്തിയാൽ ആരും മികച്ചൊരു ഇന്നിംഗ്സ് പുറത്തെടുക്കാത്തതാണ് ടീമിന് തിരിച്ചടിയായത്. ജോളി റോവേഴ്സിന് വേണ്ടി അദിത് അശോക് ആറ് വിക്കറ്റ് നേടി. അദിത് ആണ് കളിയിലെ താരം.

Exit mobile version