Ariespataudi

അതുൽജിത്തിനും രാഹുല്‍ ശര്‍മ്മയ്ക്കും ശതകം, കൂറ്റന്‍ ജയം നേടി ഏരീസ് പട്ടൗഡി സിസി

സെലെസെറ്റിയൽ ട്രോഫിയിൽ മികച്ച വിജയം തുടര്‍ന്ന് ഏരീസ് പട്ടൗഡി സിസി. ഇന്ന് ജോളി റോവേഴ്സ് സിസിയ്ക്കെതിരെ 99 റൺസ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഏരീസ് പട്ടൗഡി 245/3 എന്ന കൂറ്റന്‍ സ്കോറാണ് 26 ഓവറിൽ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ജോളി റോവേഴ്സ് 19.2 ഓവറിൽ 146 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

രാഹുല്‍ ശര്‍മ്മയുടെയും (64 പന്തിൽ 109 റൺസ്) അതുൽജിത്തിന്റെയും (80 പന്തിൽ പുറത്താകാതെ 100 റൺസ്) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഏരീസിനെ 245 റൺസിലേക്ക് എത്തിച്ചത്. ജോളി റോവേഴ്സിനായി ബൗളിംഗിൽ സിബിന്‍ പി ശിരീഷ് 2 വിക്കറ്റ് നേടി.

31 റൺസുമായി സിബിന്‍ തന്നെയാണ് ജോളി റോവേഴ്സ് ബാറ്റിംഗിൽ തിളങ്ങിയത്. അരുൺ പ്രദീപ്, കൃഷ്ണനാരായൺ എന്നിവര്‍ 25 റൺസും കമിൽ അബൂബക്കര്‍ 20 റൺസും നേടിയപ്പോള്‍ ജോളി റോവേഴ്സിന് മത്സരത്തിലൊരുഘട്ടത്തിലും ഏരീസിനെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ സാധിച്ചിരുന്നില്ല. ഏരീസിനായി അജു പൗലോസ് നാലും ബദറുദ്ദീന്‍ മൂന്നും അജയ്ഘോഷ് 2 വിക്കറ്റും നേടി.

ഏരീസ് പട്ടൗഡി സിസിയുടെ രാഹുല്‍ ശര്‍മ്മയാണ് കളിയിലെ താരം.

Exit mobile version