സെലെസ്റ്റിയൽ ട്രോഫിയുടെ ഫൈനലിലേക്ക് 5 വിക്കറ്റ് വിജയവുമായി പ്രവേശിച്ച് മുത്തൂറ്റ് മൈക്രോഫിന്‍. ഇന്ന് സെമി ഫൈനൽ മത്സരത്തിൽ പ്രതിഭ സിസിയ്ക്കെതിരെ മികച്ച വിജയം കരസ്ഥമാക്കിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഫൈനൽ സ്ഥാനം ഉറപ്പാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പ്രതിഭ സിസി 36.2 ഓവറിൽ 152 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മുത്തൂറ്റ് മൈക്രോഫിന്‍ 23.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം സാധ്യമാക്കി.
പ്രതിഭയ്ക്കായി കെജെ രാജേഷ് 44 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ അക്ഷയ് മനോഹര്‍ 26 റൺസ് നേടി. മുത്തൂറ്റിനായി അനൂപ് ജി നായര്‍ 3 വിക്കറ്റും ബാലു ബാബു 2 വിക്കറ്റും നേടിയാണ് പ്രതിഭയെ 152 റൺസിലൊതുക്കിയത്. അനസ് നസീര്‍(24), ഷറഫുദ്ദീന്‍ (20), ആൽഫി ഫ്രാന്‍സിസ് ജോൺ (19) എന്നിവരും പ്രതിഭയെ 152 റൺസിലെത്തുവാന്‍ സഹായിച്ചു. മുത്തൂറ്റ് മൈക്രോഫിനിനായി ജെറിന്‍, ഹരികൃഷ്ണന്‍ എന്നിവരും രണ്ട് വീതം നേട്ടങ്ങളുമായി വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.
ചേസിംഗിനിറങ്ങിയ മുത്തൂറ്റിനായി ഓപ്പണര്‍ സഞ്ജയ് രാജ് മികച്ച തുടക്കമാണ് നൽകിയത്. താരം ആദ്യ വിക്കറ്റായി പുറത്താകുമ്പോള്‍ വ്യക്തിഗത സ്കോര്‍ 33 പന്തിൽ 56 റൺസ് നേടുകയും ടീമിനെ 66 റൺസിലും എത്തിച്ചു. പിന്നീട് മൂന്ന് വിക്കറ്റ് കൂടി വേഗത്തിൽ മുത്തൂറ്റിന് നഷ്ടമായപ്പോള്‍ ടീം 78/4 എന്ന നിലയിലേക്ക് വീണു. അഞ്ചാം വിക്കറ്റിൽ അജനാസും നിഖിലും ചേര്‍ന്ന് 59 റൺസ് നേടിയപ്പോള്‍ മുത്തൂറ്റ് വീണ്ടും ട്രാക്കിലായി.
20 റൺസ് നേടിയ അജനാസ് പുറത്താകുമ്പോള്‍ 137/5 എന്ന നിലയിലായിരുന്നു മുത്തൂറ്റ് മൈക്രോഫിന്‍. പിന്നീട് കൂടുതൽ നഷ്ടമില്ലാതെ നിഖിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നിഖിൽ 49 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ബാലു ബാബു 6 റൺസുമായി വിജയ സമയത്ത് നിഖിലിന് കൂട്ടായി ക്രീസിലുണ്ടായിരുന്നു. പ്രതിഭ സിസിയ്ക്ക് വേണ്ടി വിനിൽ ടിഎസ് മൂന്ന് വിക്കറ്റ് നേടി.
6.2 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ അനൂപ് ജി നായര്‍ ആണ് കളിയിലെ താരം.