കെസിഎ കോളേജ് അക്കാഡമിയെ തകര്‍ത്ത് മുത്തൂറ്റ് ഇസിസി

Sports Correspondent

മുത്തൂറ്റ് ഇസിസി സെലസ്റ്റിയല്‍ ട്രോഫി സെമിയില്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കെസിഎ കോളേജ് അക്കാഡമിയ്ക്കെതിരെയാണ് ശക്തമായ വിജയം നേടി മുത്തൂറ്റ് ഇസിസി തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്നത്. മത്സരത്തില്‍ ടോസ് കെസിഎ കോളേജ് അക്കാഡമിയ്ക്കാണ് ലഭിച്ചത്. അവര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു.

വെറും 21.4 ഓവറില്‍ ടീം 61 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മുത്തൂറ്റിന്റെ സൂരജ് ശിവദാസും നിഥുന്‍ പികെയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു. 17 റണ്‍സ് നേടിയ അമല്‍ പി രാജീവന്‍ ആണ് കോളേജ് അക്കാഡമിയുടെ ടോപ് സ്കോറര്‍.

രണ്ടാം ഓവറില്‍ ബേസില്‍ മാത്യുവിനെ പൂജ്യത്തിനു നഷ്ടമായെങ്കിലും ഇസിസി ബാറ്റ്സ്മാന്മാരായ രാഹുലും(27) സുബിനും(25) ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. 14ാം ഓവറില്‍ ലക്ഷ്യം മറികടന്ന് മുത്തൂറ്റ് ഇസിസി 7 വിക്കറ്റ് വിജയം ഉറപ്പിച്ചു. സൂരജ് ശിവദാസ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial