ഡ്യൂക്സ് സിസിയ്ക്കെതിരെ 8 റൺസ് വിജയവുമായി മുരുഗന്‍ സിസി ബി ടീം. ഇന്ന് സെലസ്റ്റിയൽ ട്രോഫി ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസി 184 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
34 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ സിയാദ് സഫര്‍, 44 റൺസ് നേടി വിശ്വാസ് ആര്‍ കൃഷ്ണ എന്നിവര്‍ക്കൊപ്പം ആര്യന്‍ 32 റൺസും സൂര്യദേവ് 23 റൺസും നേടി നിര്‍ണ്ണായക സംഭാവന നൽകി. ഡ്യൂക്സ് സിസി പത്തനംതിട്ടയ്ക്കായി നിതീഷ് പിആര്‍ 3 വിക്കറ്റ് നേടി.
ചേസിംഗിനറങ്ങിയ ഡ്യൂക്സ് സിസിയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് മാത്രമേ നേടാനായുള്ളു. വൈശാഖും ശ്രീജിത്തും 3 വിക്കറ്റുമായി മുരുഗന്‍ സിസിയ്ക്ക് വേണ്ടി ബൗളിംഗിൽ തിളങ്ങി.
ഡ്യൂക്സ് ഒന്നാം വിക്കറ്റിൽ 65 റൺസ് നേടി മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും 34 റൺസ് നേടിയ കിരണിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഹരിഹരന്‍ ആണ് ആദ്യ പ്രഹരം ഡ്യൂക്സിനെ ഏല്പിച്ചത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ വീഴ്ത്തി വൈശാഖും ശ്രീജിത്തും മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.
54 റൺസ് നേടി ആനന്ദ് ബാബു പൊരുതിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് കാര്യമായ സഹായം ലഭിയ്ക്കാതെ പോയതോടെ ഡ്യൂക്സ് 130/8 എന്ന നിലയിലേക്ക് വീണു. 9ാം വിക്കറ്റിൽ കണ്ണന്‍ പുറത്താകാതെ 26 റൺസും ബിനോജ് 19 റൺസും നേടി പൊരുതി നോക്കിയെങ്കിലും 8 റൺസ് വിജയം മുരുഗന്‍ സ്വന്തമാക്കി.
തുടക്കത്തിലെ സ്പെല്ലിലെ മികവും നിര്‍ണ്ണായകമായ 28ാം ഓവറും എറിഞ്ഞ ഹരിഹരന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നൽകുവാന്‍ സംഘാടകര്‍ മാന്‍ ഓഫ് ദി മാച്ചായി തീരുമാനിച്ച മുരുഗന്‍ സിസി ക്യാപ്റ്റന്‍ സിയാദ് കൂടി ആവശ്യപ്പെട്ടതോടെ ഹരിഹരന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നൽകി.