മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ ടീമുകളുടെ ഫൈനല്‍ എന്ന സ്വപ്നം സാധ്യമായില്ലെങ്കിലും ഫൈനല്‍ സ്ഥാനം ഉറപ്പിച്ച് അവരുടെ എ ടീം. ബി ടീം ഗ്ലോബ്സ്റ്റാര്‍ ആലുവയോട് പരാജയപ്പെട്ടുവെങ്കിലും ഇന്ന് നടന്ന രണ്ടാം സെമിയില്‍ മുത്തൂറ്റ് ഇസിസിയെ 51 റണ്‍സിനു പരാജയപ്പെടുത്തി സെഞ്ചൂറിയന്‍ എ ടീം കലാശപ്പോരാട്ടത്തിനു യോഗ്യത നേടി. മത്സരത്തില്‍ ടോസ് നേടിയ ഇസിസി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
മംഗലപുരം കെസിഎ മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എംആര്‍സി എ ടീം 45 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സാണ് നേടിയത്. 49 റണ്‍സുമായി കെജെ രാകേഷ് ടോപ് സ്കോറര്‍ ആയപ്പോള്‍ ജിയാസ് 20 റണ്‍സ് നേടി പുറത്താകാതെ നിന്നു. കഴിഞ്ഞ മത്സരത്തിലെ ശതകത്തിന്റെ ഉടമ അക്ഷയ് 31 റണ്‍സ് നേടിയപ്പോള്‍ സഞ്ജയ് രാജ്(32), ജിതിന്‍(27), സുജിത്ത് ചന്ദ്രന്‍(29), നിഖിലേഷ്(22) എന്നിവരുടെ സംഭാവനകള്‍ ടീമിന്റെ സ്കോര്‍ 233 റണ്‍സിലെത്തുവാന്‍ നിര്‍ണ്ണായകമായി.
മുത്തൂറ്റ് ഇസിസിയ്ക്ക് വേണ്ടി ഷറഫുദ്ദീന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശ്രീരാജ്, ബേസില്‍ മാത്യൂ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. എംആര്‍സിയുടെ മൂന്ന് താരങ്ങള്‍ റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്.
വിജയത്തിനായി 234 റണ്‍സ് വേണ്ടിയിരുന്ന മുത്തൂറ്റ് ഇസിസിയ്ക്ക് 182 റണ്‍സ് മാത്രമേ നേടാനായുള്ളു. 42 ഓവറുകള്‍ ക്രീസില്‍ ചിലവഴിച്ച് ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. അക്വിബ്(53), സുബിന്‍(35) എന്നിവരുടെയുള്‍പ്പെടെ 4 വിക്കറ്റ് നേടിയ രമേഷ് ആണ് കളിയിലെ താരം. ശ്രീനാഥ് 32 റണ്‍സുമായി പുറത്താകാതെ നിന്നു.
രമേഷിനു പുറമേ അബ്ദുള്‍ സറക് മൂന്നും സുനില്‍ സാം, ഷനില്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial