സെലെസ്റ്റിയൽ ട്രോഫിയുടെ ഫൈനലില്‍ പ്രവേശിച്ച് തൃപ്പൂണിത്തുറ സിസി. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ മാസ്റ്റേഴ്സ് സിസിയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് തൃപ്പൂണിത്തുറ സിസി നേടിയത്. ചാമ്പ്യന്‍സ് റൗണ്ടിൽ തങ്ങളുടെ ഗ്രൂപ്പിലെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് മാസ്റ്റേഴ്സ് സിസി സെമി ഫൈനലില്‍ എത്തിയതെങ്കിലും ഇന്ന് തൃപ്പൂണിത്തുറ സിസിയോട് ടീമിന് അടിപതറി.
ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് സിസി 45 ഓവറിൽ 267/8 എന്ന സ്കോര്‍ നേടിയപ്പോള്‍ വിനോദ് കുമാര്‍ പുറത്താകാതെ 58 പന്തിൽ നിന്ന് 80 റൺസും സിജോമോന്‍ ജോസഫ് 91 പന്തിൽ നിന്ന് 64 റൺസും നേടി ടീമിന്റെ പ്രധാന സ്കോറര്‍മാരായി. 25 റൺസ് നേടിയ എസ്എൺ വിനൂപ, 41 റൺസ് നേടിയ ഹെര്‍മിഷൈസ് എന്നിവരും മാസ്റ്റേഴ്സിനായി റൺസ് കണ്ടെത്തി. തൃപ്പൂണിത്തുറയ്ക്കായി നസൽ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആദി അഭിലാഷും കെഎന്‍ ഹരികൃഷ്ണനും രണ്ട് വീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ തൃപ്പൂണിത്തുറ സിസി 10/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ഗോവിന്ദ് ഡി പൈ – ഹരികൃഷ്ണന്‍ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ ഒത്തുകൂടി ടീമിനെ തിരികെ ട്രാക്കിലേക്ക് എത്തുകയായിരുന്നു. 40/3 എന്ന നിലയിൽ ക്രീസിലെത്തിയ ഈ കൂട്ടുകെട്ട് 140 റൺസാണ് നാലാം വിക്കറ്റിൽ കൂട്ടിചേര്‍ത്തത്. 64 റൺസ് നേടിയ ഹരികൃഷ്ണനെ സിജോമോന്‍ പുറത്താക്കിയപ്പോള്‍ പകരമെത്തിയ സഞ്ജീവ് സതീശന്‍ മികച്ച രീതിയിൽ ബാറ്റ് വീശിയത് തൃപ്പൂണിത്തുറയ്ക്ക് തുണയായി.
ഗോവിന്ദ് – സഞ്ജീവ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 86 റൺസ് കൂട്ടിചേര്‍ത്തു. വിജയത്തിന് തൊട്ടരികിലെത്തി നിൽക്കുമ്പോള്‍ 111 പന്തിൽ 127 റൺസ് നേടിയ ഗോവിന്ദ് ഡി പൈയെ തൃപ്പൂണിത്തുറയ്ക്ക് നഷ്ടമായെങ്കിലും 40.2 ഓവറിൽ 5 വിക്കറ്റ് വിജയം പൂര്‍ത്തിയാക്കി തൃപ്പൂണിത്തുറ സിസി ഫൈനൽ സ്ഥാനം ഉറപ്പാക്കി. സഞ്ജീവ് സതീശന്‍ 35 പന്തിൽ പുറത്താകാതെ 50 റൺസ് നേടി. മാസ്റ്റേഴ്സിനായി ഫനൂസ് 2 വിക്കറ്റ് നേടി.
തന്റെ ബാറ്റിംഗ് മികവിന് ഗോവിന്ദ് ദേവ് പൈ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.