30 ഓവറില്‍ 208 റണ്‍സ് നേടി ഫ്രണ്ട്സ് സിസി, സ്കൈസിനെ പരാജയപ്പെടുത്തിയത് 87 റണ്‍സിന്

Sports Correspondent

സ്കൈസ് സിസിയ്ക്കെതിരെ 87 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി ഫ്രണ്ട്സ് സിസി. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഫ്രണ്ട്സ് 208 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 30 ഓവറില്‍ നിന്ന് നേടിയത്. അക്ഷയ്(46), ഉണ്ണികൃഷ്ണന്‍(30), ഷിനു(25), കൃഷ്ണ മുരളി(21) എന്നിവരാണ് ഫ്രണ്ട്സിന്റെ പ്രധാന സ്കോറര്‍മാര്‍. സ്കൈസിന് വേണ്ടി അഭിനന്ദ് ജയന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്കൈസിന് 121 റണ്‍സ് മാത്രമേ നേടാനായുള്ളു. 25 ഓവറില്‍ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുമായി വിശാഖും ശ്യാമും രണ്ട് വിക്കറ്റ് നേടി യധു കൃഷ്ണനുമാണ് ഫ്രണ്ട്സ് ബൗളര്‍മാരില്‍ തിളങ്ങിയത്. സുധീഷ് 28 റണ്‍സുമായി സ്കൈസിന്റെ ടോപ് സ്കോറര്‍ ആയി.

ഫ്രണ്ട്സിന് വേണ്ടി 46 റണ്‍സ് നേടിയ അക്ഷയ് ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.