സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ മികച്ച വിജയം നേടി മുത്തൂറ്റ് മൈക്രോഫിന്‍. 60 റൺസിന്റെ വിജയം ആണ് ലിറ്റിൽ മാസ്റ്റേഴ്സിനെതിരെ മുത്തൂറ്റ് മൈക്രോഫിന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് 170 റൺസിന് 27 ഓവറിൽ ഓള്‍ഔട്ട് ആയപ്പോള്‍ ലിറ്റിൽ മാസ്റ്റേഴ്സ് 26 ഓവറിൽ 110 റൺസിന് പുറത്തായി.
ഒരു ഘട്ടത്തിൽ 58/5 എന്ന നിലയിലേക്ക് വീണ മുത്തൂറ്റ് മൈക്രോഫിനിനെ തിരികെ മത്സരത്തിലേക്ക് എത്തിച്ചത് ബാലു ബാബു നേടിയ രണ്ട് നിര്‍ണ്ണായക കൂട്ടുകെട്ടുകളാണ്. നിഖിലിനൊപ്പം 44 റൺസ് ആറാം വിക്കറ്റിലും ജെറിനൊപ്പം എട്ടാം വിക്കറ്റിൽ 39 റൺസുമാണ് താരം കൂട്ടിചേര്‍ത്തത്. ബാലു ബാബു 43 റൺസ് നേടി പുറത്തായപ്പോള്‍ ജെറിന്‍ 33 റൺസുമായി പുറത്താകാതെ നിന്നു. നിഖിൽ 29 റൺസ് നേടി. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി അബ്ദുള്‍ റമീസും ശ്രീവര്‍ദ്ധന്‍ മുരളിയും മൂന്ന് വീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സിന്റെ ടോപ് സ്കോറര്‍ 23 റൺസ് നേടിയ അനന്തകൃഷ്ണന്‍ ആയിരുന്നു. ബാലു ബാബു 5 വിക്കറ്റ് നേടി മുത്തൂറ്റ് നിരയിൽ തിളങ്ങി. ബാലു ആണ് കളിയിലെ താരം.