സെലെസ്റ്റിയൽ ട്രോഫിയിലെ ആവേശകരമായ മത്സരത്തിൽ ആത്രേയ സിസിയെ പരാജയപ്പെടുത്തി പ്രതിഭ സിസി. ചാമ്പ്യന്‍സ് റൗണ്ടിലെ ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആത്രേയ 27 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടിയപ്പോള്‍ പ്രതിഭ സിസി 26.2 ഓവറിൽ 217/7 എന്ന സ്കോര്‍ നേടിയാണ് 3 വിക്കറ്റ് വിജയം കുറിച്ചത്. കെഎ അരുൺ നേടിയ 126 റൺസ് ആണ് പ്രതിഭയുടെ വിജയം ഒരുക്കിയത്. അരുൺ ആണ് കളിയിലെ താരം.
റിയ ബഷീറും ആകര്‍ഷും ചേര്‍ന്ന് നൽകിയ മികച്ച തുടക്കം ആത്രേയയ്ക്ക് ഒന്നാം വിക്കറ്റിൽ 156 റൺസ് നൽകിയെങ്കിലും ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ ടീമിന് നഷ്ടമായി. ആകര്‍ഷ് 77 റൺസും റിയ ബഷീര്‍ 75 റൺസും നേടിയപ്പോള്‍ ഷാരോൺ 18 റൺസ് നേടി. പ്രതിഭയ്ക്കായി അജിന്‍ രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പ്രതിഭ സിസിയ്ക്കെതിരെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുമായി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ആത്രേയയ്ക്കായെങ്കിലും ഒരു വശത്ത് നിലയുറപ്പിച്ച കെഎ അരുൺ പ്രതിഭ സിസിയുടെ വിജയം ഉറപ്പാക്കി. ആൽബിന്‍ 27 റൺസും എന്‍എം ഷറഫുദ്ദീന്‍ 21 റൺസും നേടി അരുണിന് മികച്ച പിന്തുണ നൽകി.
ആൽബിനുമായി മൂന്നാം വിക്കറ്റിൽ 48 റൺസിന്റെയും ഷറഫുദ്ദീനുമായി ആറാം വിക്കറ്റിൽ 39 റൺസിന്റെയും കൂട്ടുകെട്ട് അരുൺ നേടിയെങ്കിലും പ്രതിഭ ഒരു ഘട്ടത്തിൽ 190/7 എന്ന നിലയിലായിരുന്നു.
അവിടെ നിന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ 27 റൺസ് എട്ടാം വിക്കറ്റിൽ നേടി അരുൺ പ്രതിഭയുടെ വിജയം ഉറപ്പാക്കിയപ്പോള്‍ മിഥുന്‍ മൂന്ന് പന്തിൽ നിന്ന് 1 റൺസുമായി പുറത്താകാതെ നിന്നു. ആത്രേയയ്ക്ക് വേണ്ടി അര്‍ജ്ജുന്‍ വേണുഗോപാൽ, മൊഹമ്മദ് ഇനാന്‍, അതിഫ് ബിന്‍ അഷ്റഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.