സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിന്റെ അവസാന ഘട്ടത്തോടെ മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ മികച്ച റൺ റേറ്റിന്റെ ബലത്തിൽ ലൂംഗ്സ് ക്രിക്കറ്റ് അക്കാഡമിയെ പരാജയപ്പെടുത്തി ഏരീസ് പട്ടൗഡി ക്രിക്കറ്റ് ക്ലബ്.
ഏരീസ് നേടിയ 204/8 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ലൂംഗ്സ് 23.4 ഓവറിൽ 144/7 എന്ന സ്കോറിൽ നിൽക്കുമ്പോളാണ് കനത്ത മഴ കളി തടസ്സപ്പെടുത്തിയത്.
ഏരീസ് ബാറ്റിംഗിൽ 27 പന്തിൽ 47 റൺസുമായി ആഷിഖ് മുഹമ്മദ് ടോപ് സ്കോറര്‍ ആയപ്പോള്‍ അമൽ 38 റൺസും ഷഫാന്‍ ഫിയാസ് 37 റൺസും നേടി. ഷോൺ പച്ച 22 റൺസും നേടി. ലൂംഗ്സിന് വേണ്ടി ഗോകുൽ രാജന്‍, കെ വിവേക്, പി സഞ്ജന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
ലൂംഗ്സിന് വേണ്ടി അഭയ് ജോടിന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറുവശത്ത് വിക്കറ്റ് വീഴ്ത്തി ഏരീസ് പട്ടൗഡി സമ്മര്‍ദ്ദം സൃഷ്ടിച്ചു. 49 പന്തിൽ 73 റൺസ് നേടിയാണ് അഭയ് പുറത്തായത്.
മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ 9 പന്തിൽ 15 റൺസ് നേടി ശ്രീഹരി വര്‍മ്മയും ഒരു റൺസുമായി കൃഷ്ണാനന്ദുമായിരുന്നു ക്രീസിൽ. ഏരീസിനായി അന്‍ഷാദും അജയ്ഘോഷും രണ്ട് വീതം വിക്കറ്റ് നേടി.
47 റൺസ് നേടിയ ആഷിഖ് മുഹമ്മദ് ആണ് കളിയിലെ താരം.