സെലെസ്റ്റിയൽ ട്രോഫിയിൽ ഒരു വിക്കറ്റിന്റെ മികച്ച വിജയവുമായി റോവേഴ്സ്. ഇന്ന് ചിയേഴ്സ് സിസിയ്ക്കെതിരെയാണ് ലോ സ്കോറിംഗ് മത്സരത്തിൽ റോവേഴ്സ് ഒരു വിക്കറ്റിന്റെ വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചിയേഴ്സ് 26 ഓവറിൽ 141/9 എന്ന സ്കോര്‍ നേടിയപ്പോള്‍ റോവേഴ്സ് 23.5 ഓവറിൽ 145 റൺസാണ് 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
ചിയേഴ്സിനായി ടോപ് ഓര്‍ഡറിൽ കാര്‍ത്തിക്(39), ആദിത്യ വി നായര്‍ (28), രാഹുല്‍ ദേവ് (31) എന്നിവര്‍ റൺസ് കണ്ടെത്തിയെങ്കിലും പിന്നീട് വന്ന ബാറ്റര്‍മാര്‍ വേഗം മടങ്ങിയത് ടീമിന് തിരിച്ചടിയായി. റോവേഴ്സിന് വേണ്ടി കെ അജീഷും ദേവനാഥനും മൂന്ന് വീതം വിക്കറ്റ് നേടി.
ബാറ്റിംഗിലും അജീഷ് ആണ് റോവേഴ്സിന്റെ ടോപ് സ്കോറര്‍. 36 പന്തിൽ 49 റൺസ് നേടിയ അജീഷ് പുറത്തായ ശേഷം 18 റൺസുമായി പുറത്താകാതെ നിന്ന യദു കൃഷ്ണ ആണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. അജീഷ് ആണ് കളിയിലെ താരം.
ചിയേഴ്സ് സിസിയ്ക്ക് വേണ്ടി അശ്വിന്‍ അജിത് പിള്ള, സുധീഷ് മോഹന്‍, പി കാര്‍ത്തിക്, അഭിജിത്ത് എസ് നായര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.