തുടര്‍ച്ചയായ രണ്ടാം തവണ സെലസ്റ്റിയൽ ട്രോഫി ചാമ്പ്യന്മാരായി ഏജീസ് ഓഫീസ്. ഇന്ന് സെയിന്റ് സേവിയേഴ്സ് തുമ്പ കെസിഎ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ അത്രേയ സിസി തൃശ്ശൂരിനെയാണ് ഏജീസ് പരാജയപ്പെടുത്തി ചാമ്പ്യന്മാരായത്.
45 ഓവര്‍ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഏജീസ് ഓഫീസ് 237/9 എന്ന സ്കോറാണ് നേടിയത്. 77 റൺസ് നേടിയ എകെ അര്‍ജ്ജുന്‍ ആണ് ഏജീസ് ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്. രാഹുല്‍ 38 റൺസും അഖിൽ 41 റൺസും നേടിയപ്പോള്‍ സാലി വി സാംസൺ 27 റൺസ് നേടി.
3 വീതം വിക്കറ്റ് നേടി ആദിത്യ ബൈജുവും ആദിത്യ കൃഷ്ണനനും ആണ് അത്രേയ ബൗളിംഗിൽ തിളങ്ങിയത്. ജോഫിന്‍ ജോസ് 2 വിക്കറ്റ് നേടി.
ബാറ്റിംഗിനിറങ്ങിയ അത്രേയയ്ക്കായി അക്ഷയ് ടികെ 40 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് അനസ് 22 റൺസും നിപുന്‍ ബാബു 18 റൺസും നേടിയെങ്കിലും 30.4 ഓവറിൽ 141 റൺസിന് അത്രേയ ഓള്‍ഔട്ട് ആയി. 96 റൺസ് വിജയം ഏജീസ് സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ ബൗളിംഗിൽ മനു കൃഷ്ണനും അജിത്തും മൂന്ന് വിക്കറ്റും കെആര്‍ ശ്രീജിത്ത് 2 വിക്കറ്റും നേടി.
ഫൈനലിലെ താരമായി ഏജീസിന്റെ അര്‍ജ്ജുനെ തിരഞ്ഞെടുത്തപ്പോള്‍ ടൂര്‍ണ്ണമെന്റിലെ താരമായി തിരഞ്ഞെടുത്തത് അത്രേയയുടെ ജോഫിന്‍ ജോസിനെ ആണ് തിരഞ്ഞെടുത്ത്.
ടൂര്‍ണ്ണമെന്റിലെ യുവ താരമായി അത്രേയയുടെ ആദിത്യ ബൈജുവും തിരഞ്ഞെടുക്കപ്പെട്ടു.
ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ബൗളറായി തിരഞ്ഞെടുത്തത് ഏജീസിന്റെ വി അജിത്തിനെയാണ്. ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി കേരള താരം കൂടിയായ ഏജീസിന്റെ രാഹുല്‍ പിയെ തിരഞ്ഞെടുത്തു. ബികെ55യുടെ സൽമാന്‍ നിസാര്‍ ആണ് ഏറ്റവും മികച്ച ബാറ്റർ.