സെലെസ്റ്റിയൽ ട്രോഫിയിൽ തങ്ങളുടെ രണ്ടാം ജയം നേടി തൃപ്പൂണിത്തുറ സിസി. ഇന്ന് സ്വാന്റൺസിനെതിരെ തൃപ്പൂണിത്തുറ സിസി 3 വിക്കറ്റ് വിജയം ആണ് കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്വാന്റൺസ് 26.3 ഓവറിൽ 168 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പ്രിതീഷ് പവന്‍ 57 റൺസും അഖിൽ സജീവ് 29 റൺസും നേടി ആണ് സ്വാന്റൺസ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. ആദി അഭിലാഷ് അഞ്ച് വിക്കറ്റുമായി തൃപ്പൂണിത്തുറ സിസിയ്ക്കായി തിളങ്ങിയപ്പോള്‍ ഹൃദയ് അഭിലാഷ് 2 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ തൃപ്പൂണിത്തുറ സിസിയ്ക്കായി രണ്ടാം വിക്കറ്റിൽ 76 റൺസ് നേടി സുബിന്‍ എസ് – ഗോവിന്ദ് ദേവ് ഡി പൈ കൂട്ടുകെട്ട് നേടിയ റൺസ് നിര്‍ണ്ണായകമാകുകയായിരുന്നു. സുബിന്‍ 40 റൺസ് നേടി പുറത്തായ ശേഷം ഹരികൃഷ്ണന്‍(18), മൊഹമ്മദ് കൈഫ് (19) എന്നിവരോടൊപ്പം ഗോവിന്ദ് നിര്‍ണ്ണായക കൂട്ടുകെട്ടുകള്‍ നേടി.
59 റൺസ് നേടിയ ഗോവിന്ദ് ദേവ് ഡി പൈ പുറത്താകുമ്പോള്‍ തൃപ്പൂണിത്തുറ സിസിയ്ക്ക് 11 റൺസായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 7 പന്തിൽ നിന്ന് പുറത്താകാതെ 11 റൺസ് നേടി ആദി അഭിലാഷ് ബാറ്റിംഗിലും ചെറുതെങ്കിലും വലിയ സംഭാവന നൽകിയത് ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. 25.5 ഓവറിൽ 172 റൺസാണ് തൃപ്പൂണിത്തുറ സിസി 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. തന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് ആദി അഭിലാഷ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
സ്വാന്റൺസിനായി അഖിൽ സജീവും വിഷ്ണു പികെയും 2 വീതം വിക്കറ്റ് നേടി.